ക്ഷമിക്കണം, ‘പത്മാവത്’ നല്ല സിനിമയാണ്; എല്ലാ രജപുത്രരും കാണണം: കർണിസേന

ന്യൂഡൽഹി∙ പ്രതിഷേധങ്ങൾക്കും ആത്മഹത്യാഭീഷണികൾക്കും സ്കൂൾ ബസിനു വരെ കല്ലേറിഞ്ഞതിനും തിയേറ്ററുകൾക്കു തീയിട്ടതിനും സിനിമ കാണാൻ പോകുന്നവരെ തല്ലിയതിനും അവരുടെ വാഹനങ്ങൾക്കു തീയിട്ടതിനും ശേഷം കർണിസേന പറഞ്ഞു– ‘ക്ഷമിക്കണം ‘പത്മാവത്’ നല്ല സിനിമയാണ്. തെറ്റുപറ്റിയത് ഞങ്ങൾക്കാണ്...’

പത്മാവതിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളും പിൻവലിക്കുകയാണെന്നും കർണിസേനയുടെ മുംബൈ തലവൻ യോഗേന്ദ്ര സിങ് കട്ടർ പറഞ്ഞു. ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയും റാണി പത്മാവതിയും തമ്മിലുള്ള മോശം  രംഗങ്ങളൊന്നുമില്ല. രജപുത്രരുടെ അഭിമാനത്തിനു ക്ഷതമേൽപ്പിക്കുന്ന യാതൊന്നും സിനിമയിലില്ല.

അതേസമയം രജപുത്രരുടെ അഭിമാനം വാനോളം ഉയർത്തിയ നിലയ്ക്ക് ചിത്രത്തിനെതിരെയുള്ള എല്ലാ പ്രതിഷേധവും നിർത്തുകയാണെന്നും യോഗേന്ദ്ര സിങ് പറഞ്ഞു. കർണിസേനയുടെ ദേശീയ തലവൻ സുഖ്ദേവ് സിങ് ഗോഗമതിയുടെ നിർദേശ പ്രകാരം സേനയിലെ ചില അംഗങ്ങൾ സിനിമ കണ്ടിരുന്നു.

സിനിമ കണ്ട് അവർ മികച്ച അഭിപ്രായം പറഞ്ഞെന്നു മാത്രമല്ല, എല്ലാ രജപുത്രരും നിർബന്ധമായും കാണേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. ചിത്രം രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ഉൾപ്പെടെ എല്ലായിടത്തും റിലീസ് ചെയ്യാൻ അധികൃതർക്കു വേണ്ട സഹായം നൽകുമെന്നും കർണിസേന തലവൻ അയച്ച കത്തിൽ പറഞ്ഞു.

ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും രജപുത്രരുടെ അഭിമാനം ചോദ്യം ചെയ്തുവെന്നും ഉൾപ്പെടെ വിമർശിച്ചു പത്മാവത് ചിത്രത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണു കർണിസേന ആഹ്വാനം ചെയ്തത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചിത്രം പ്രദർശിപ്പിക്കില്ലെന്നുവരെ പറഞ്ഞു രംഗത്തെത്തി.

ഒടുവിൽ കോടതി ഇടപെട്ടാണു ചിത്രം റിലീസ് ചെയ്തത്. റീ–സെൻസർ ചെയ്ത ചിത്രത്തിൽനിന്ന് ഇരുപതിലേറെ രംഗങ്ങൾ വെട്ടിമാറ്റുകയും ചെയ്തു.