സൂചിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബേറ്; പ്രേരണ ‘മന്ത്രവാദ’മെന്ന് പ്രതി

ഓങ് സാൻ സൂചിയുടെ വീടിനു മുന്നിൽ സുരക്ഷ ശക്തമാക്കിയപ്പോൾ. ചിത്രം: എപി

യാങ്കൂൺ∙ മ്യാൻമർ നേതാവ് ഓങ് സാൻ സൂചിയുടെ വസതിയിലേക്കു പെട്രോൾ ബോംബേറ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സൂചി വീട്ടിലില്ലാത്തപ്പോഴായിരുന്നു സംഭവം. യാങ്കൂണിലെ തടാകതീരത്തുള്ള വീടിന്റെ മുറ്റത്തേക്കായിരുന്നു പ്രതി പെട്രോൾ നിറച്ച കുപ്പി കത്തിച്ചെറിഞ്ഞത്.

സംഭവത്തിൽ വിൻ നായിങ് (48) എന്നയാളെ പിടികൂടി. ഒരു കൺസ്ട്രക്‌ഷൻ കമ്പനിയിൽ സുരക്ഷാ ഉദ്യോഗസ്ഥനാണു പ്രതി. മാനസികമായി പ്രശ്നങ്ങളുള്ളയാളാണു നായിങ് എന്ന് പൊലീസ് പറഞ്ഞു. ‘മന്ത്രവാദികളുടെ ശാപം’ കാരണമാണു സൂചിയുടെ വീട്ടിലേക്കു ബോംബെറിഞ്ഞതെന്നാണ് ഇയാളുടെ മൊഴി.

ബോംബെറിയുന്ന സമയത്തു സമീപത്തുണ്ടായിരുന്ന ഒരാളെടുത്ത ഫോട്ടോയില്‍നിന്നാണു പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. നായിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ബോംബേറിൽ മുറ്റത്തെ പൈപ്പിനു തീപിടിച്ചതൊഴിച്ചാൽ കാര്യമായ നഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല.

സംഭവത്തിൽ സൂചി പ്രതികരിച്ചിട്ടില്ല. റോഹിന്‍ഗ്യ വിഷയത്തിൽ മൗനം പാലിച്ചതിന്റെ പേരിൽ രാജ്യാന്തര തലത്തിൽ തന്നെ സൂചിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു.

കഴിഞ്ഞ വർഷം ഇതേസമയമാണു സൂചിയുടെ നിയമോപദേഷ്ടാവായ കോ നി വെടിയേറ്റു മരിച്ചത്. യാങ്കൂൺ വിമാനത്താവളത്തിൽ കൊച്ചുമകനുമൊത്തു നിൽക്കുമ്പോഴായിരുന്നു തലയിൽ വെടിയേറ്റുള്ള മരണം. രാഷ്ട്രീയ കൊലപാതകങ്ങൾ അപൂർവമായ രാജ്യത്ത് കോ നിയുടെ മരണം വൻ ഞെട്ടലാണുണ്ടാക്കിയത്.