Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴ മെഡി.കോളജിൽ വീണ്ടും അനാസ്ഥ; പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

alapuzha-medical-collage ആലപ്പുഴ മെഡിക്കൽ കോളജ്

ആലപ്പുഴ∙ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനി (36) ആണ് മരിച്ചത്. ചികില്‍സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. അഞ്ചു ദിവസം മുൻപായിരുന്നു ജിനിയുടെ പ്രസവം. ശ്വാസതടസ്സവും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ഡോക്ടറെ കണ്ടപ്പോൾ ഗ്യാസ്ട്ര‌ബിളിനുള്ള മരുന്നു മാത്രമാണ് നൽകിയത്. എന്നാൽ വേദന കുറയാതിരുന്നതിനെ തുടർന്ന് ഇസിജി എടുക്കാൻ പോയപ്പോൾ ജിനി താഴെ വീഴുകയും ബോധരഹിതയാകുകയും ചെയ്തു. അതേസമയം, ജിനി രാവിലെ മരിച്ചെങ്കിലും വളരെ വൈകിയാണ് വിവരമറിയിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽനിന്നു മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഗുരുതര പിഴവിന്‍റെ പേരില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപതു ദിവസത്തിനു ശേഷമാണ് പുന്നപ്ര സ്വദേശിയായ യുവതിയുടെ വയറ്റിൽനിന്ന് തുണി പുറത്തേക്കു വന്നത്. വീട്ടിലെത്തിയ ശേഷം യുവതിക്ക് അസഹനീയമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ ശുചിമുറിയിൽവച്ചു മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തേക്കു വന്നത്. ഇതോടെ യുവതി ബോധരഹിതയായി നിലത്തുവീണു. ആശുപത്രിയിലെത്തിച്ച് സ്കാനിങ്ങിനു വിധേയയാക്കിയ യുവതിയെ വീണ്ടും ലേബർ റൂമിലേക്കു മാറ്റി.

അതേസമയം, ക്ഷീണിതയായ യുവതിയുടെ രോഗവിവരങ്ങൾ പുറത്തുവിടാൻ ഡോക്ടർമാർ തയാറാകുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. കുഞ്ഞിനു മുലപ്പാൽ നൽകാനും കഴിയുന്നില്ല. ശസ്ത്രക്രിയ സമയത്തുണ്ടായ അശ്രദ്ധയാണ് തുണി വയറ്റിൽ കുടുങ്ങാൻ കാരണമെന്നാണ് സംശയം. സംഭവത്തിൽ വകുപ്പു മേധാവിയോടും ഡ്യൂട്ടി ഡോക്ടർമാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേസ് ഷീറ്റ് ഹാജരാക്കാൻ നിർദേശിച്ചെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ അറിയിച്ചു. ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.