ആണവ ബാലിസ്റ്റിക് മിസൈൽ അഗ്നി–1 പരീക്ഷണം വിജയം; ദൂരപരിധി 700 കി.മീ

അഗ്നി മിസൈൽ (ഫയൽ ചിത്രം)

ബാലസോർ (ഒഡീഷ)∙ അണ്വായുധം വഹിക്കാവുന്നതും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതുമായ അഗ്‌നി–1 മിസൈൽ പരീക്ഷണം വിജയം. ഭൂതല–ഭൂതല മിസൈലായ അഗ്‌നി–1 അബ്ദുൽ കലാം ദ്വീപിലെ (വീലർ ഐലൻഡ്) ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ ലോഞ്ച് പാഡിൽനിന്നാണു പരീക്ഷിച്ചത്. 700 കിലോമീറ്ററാണു ദൂരപരിധി. ഇന്ത്യൻ കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ (എസ്എഫ്സി) പരിശീലനത്തിന്റെ ഭാഗമായാണു പരീക്ഷണം.

രാവിലെ എട്ടരയ്ക്കാണു മിസൈൽ പരീക്ഷണം നടന്നത്. പരീക്ഷണം പൂർണ വിജയമാണെന്നും എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാനായെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സായുധസേന ഉപയോഗിക്കുന്ന ഈ മിസൈലിനു 12 ടൺ ഭാരവും 15 മീറ്റർ നീളവുമുണ്ട്. ഒരു ടണ്ണിലധികം ഭാരമുള്ള പോർമുനകൾ വഹിക്കാനാകും.