‘ഇന്ത്യൻബുദ്ധി’ നാടുവിടാതിരിക്കാൻ ‘മോദി തന്ത്രം’; പിഎച്ച്ഡിക്ക് മാസം 80,000 രൂപ

ന്യൂഡൽഹി∙ ഇന്ത്യയിൽനിന്നുള്ള മസ്തിഷ്ക ചോർച്ച തടയാനും ബുദ്ധിശാലികളായ വിദ്യാർഥികളെ രാജ്യത്തു തുടരാൻ പ്രേരിപ്പിക്കുന്നത് ലക്ഷ്യമിട്ടും വൻ സ്കോളർഷിപ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. പിഎം റിസർച്ച് ഫെലോഷിപ്പ് (പിഎംആർഎഫ്) എന്ന പദ്ധതിയനുസരിച്ച് മാസം എഴുപതിനായിരം മുതൽ എൺപതിനായിരം രൂപ വരെ സ്കോളർഷിപ്പും തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് വർഷം രണ്ടുലക്ഷം രൂപ വരെ ഗ്രാന്റും ലഭിക്കും. ഇതിനായി മൂന്നു വർഷത്തേക്ക് 1,650 കോടി രൂപ കേന്ദ്രം അനുവദിച്ചു.

ഐഐടി, ഐസർ, എൻഐടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഇതു നേട്ടമാകും. പിജി, എംഫിൽ തുടങ്ങിയ കോഴ്സുകൾക്ക് 8.5 ക്യുമിലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് (സിജിപിഎ) ലഭിച്ചവർക്കാണു സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത. 2018–19 അക്കാദമിക വർഷത്തിൽ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ഇന്റഗ്രേറ്റഡ് എംടെക്, എംഎസ്‌സി സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥികൾക്കും അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ രണ്ടു വർഷം മാസംതോറും 70,000 രൂപയും മൂന്നാം വർഷം മാസംതോറും 75,000 രൂപയും നാലും അഞ്ചും വർഷങ്ങളിൽ മാസംതോറും 80,000 രൂപയും വീതം ലഭിക്കും. ഇതിനു പുറമെ, ഗവേഷണത്തിന്റെ ഭാഗമായുള്ള വിദേശയാത്രയ്ക്ക് രണ്ടു ലക്ഷം രൂപയും ലഭിക്കും.

പുതിയ സ്കോളർഷിപ്പ് പദ്ധതി ‘മസ്തിഷ്ക ചോർച്ച’ തടഞ്ഞ് രാജ്യത്തിന്റെ ‘മസ്തിഷ്ക നേട്ട’ത്തിനു സഹായിക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.