ഉമ്മൻചാണ്ടിക്ക് ആശ്വാസം, സർക്കാരിനു തിരിച്ചടി; പാറ്റൂർ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി ∙ പാറ്റൂർ ഭൂമിയിടപാടുകേസിൽ വിജിലൻസ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി. മുൻ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന്റെ ഹർജിയിലാണു വിധി. എഫ്ഐആറും റദ്ദാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഭരത് ഭൂഷണും ഉൾപ്പെടെയുള്ളവർ പ്രതികളായ കേസാണു റദ്ദാക്കിയത്.

ഫ്ലാറ്റ് കമ്പനിക്കുവേണ്ടി മുൻ സർക്കാരിന്റെ കാലത്ത് റവന്യൂവകുപ്പ് ഫയൽ പൂഴ്ത്തിയെന്നും കമ്പനിക്ക് ഒത്താശ ചെയ്തെന്നുമാണു കേസ്. അഞ്ച് പ്രതികളുള്ള കേസിൽ നാലാം പ്രതിയാണ് ഉമ്മൻ ചാണ്ടി. കേസ് റദ്ദാക്കിയതു സർക്കാരിനു തിരിച്ചടിയായി. ഉമ്മൻ ചാണ്ടിക്കും യുഡിഎഫിനും വിധി ആശ്വാസമാണ്.

പാറ്റൂർ കേസിലെ ഭൂമിപതിവു രേഖകൾ അപൂർണമാണെന്നു വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ലോകായുക്തയിൽ റിപ്പോർട്ടു നൽകിയിരുന്നു. ഇതിന്മേൽ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, വിശദീകരണം വൈകിയ സാഹചര്യത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമർശനം ഉന്നയിച്ചു. മാത്രമല്ല, പാറ്റൂർ കേസിലെ ഭൂമിപതിവു രേഖകൾ പൂർണമാണെന്നും ഹൈക്കോടതി അന്നു നിരീക്ഷിച്ചിരുന്നു.