ഡല്‍ഹിക്കെതിരെ വീണ്ടും സമനിലക്കുരുക്ക്; ചെന്നൈയിൻ നാലാമതു തന്നെ

ഡൽഹിയിൽ നടന്ന ഡൽഹി ഡൈനാമോസ്–ചെന്നൈയിൽ എഫ്സി മൽസരത്തിൽനിന്ന്. ചിത്രം: ഐഎസ്എൽ

ന്യൂഡല്‍ഹി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു സമനിലക്കളി. മാനം രക്ഷിക്കാനുറച്ച് പോരിനിറങ്ങിയ ഡൽഹി ഡൈനാമോസും പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ചെന്നൈയിന്‍ എഫ്‌സിയുമാണ് ഓരോ ഗോള്‍ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം അനുകൂലമായി ലഭിച്ച പെനൽറ്റി മുതലാക്കി കാലൂ ഉച്ചെയിലൂടെ (59-ാം മിനിറ്റ്‍) ഡൽഹിയാണ് ലീഡ് നേടിയത്. തിരിച്ചുവന്ന ചെന്നൈയിന്‍ എഫ്‌സി. മെയില്‍സണ്‍ ആല്‍വസിലൂടെ 81-ാം മിനിറ്റില്‍ സമനില പിടിച്ചെടുത്തു. ചെന്നൈയില്‍ നടന്ന ആദ്യ പാദത്തിലും രണ്ടു ടീമുകളും രണ്ടു ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു. 

ഈ സമനിലയോടെ ചെന്നൈയിന്‍ തങ്ങളുടെ നാലാം സ്ഥാനം മെച്ചപ്പെടുത്തി. 14 മത്സരങ്ങളില്‍ നിന്ന്‌ ചെന്നൈയിനു 24 പോയിന്റ്‌ ലഭിച്ചിട്ടുണ്ട്‌്‌. പ്ലേഓഫില്‍ നിന്നും പുറത്തായ ഡല്‍ഹി അവസാന സ്ഥാനത്തുതന്നെ തുടരുന്നു. ഐഎസ്‌എല്ലില്‍ ഇനി രണ്ടു ദിവസം വിശ്രമമാണ്. ബുധനാഴ്‌ച അടുത്ത പോരാട്ടത്തിന് ഡല്‍ഹി വീണ്ടും ഇറങ്ങും. ഗുവാഹത്തിയിൽ നടക്കുന്ന മൽസരത്തിൽ സെമിഫൈനല്‍ സാധ്യത അസ്‌തമിച്ച മറ്റൊരു ടീമായ നോര്‍ത്ത്‌്‌ ഈസ്‌റ്റ്‌ യുണൈറ്റഡാണ് ഡൽഹിയുടെ എതിരാളികൾ. ചെന്നൈയിന്‍ എഫ്‌സി 15നു നടക്കുന്ന അടുത്ത എവേ മത്സരത്തില്‍ എഫ്‌സി ഗോവയേയും നേരിടും.