തന്ത്രം മാറ്റി കള്ളക്കടത്തു സംഘം; വിലകുറഞ്ഞ വാച്ചിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്ത്

വാച്ചിനകത്ത് സ്വർണം ഒളിപ്പിച്ചു കടത്തിയത് കണ്ടെത്തിയപ്പോൾ.

മലപ്പുറം∙ വിലകുറഞ്ഞ വാച്ചിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്ന വിദ്യയുമായി കള്ളക്കടത്തുകാർ രംഗത്ത്. ഈ രീതിയിൽ കോഴിക്കോടു വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച നാലു ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സ്വർണം ഉരുക്കി ചെറിയ വളയങ്ങളാക്കി വാച്ചിനുള്ളിൽ വച്ചാണു കടത്താൻ ശ്രമിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു കസ്റ്റംസുകാർ സംശയമുള്ളവരുടെ വാച്ചുകൾ പരിശോധിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണു കോഴിക്കോട് കക്കട്ടിൽ സ്വദേശി കെ. മുനീറിന്റെ പക്കൽനിന്നു രണ്ടു വാച്ചുകൾ പിടിച്ചെടുത്തത്. ഓരോന്നിലും രണ്ടു ലക്ഷം രൂപയുടെ വീതം സ്വർണക്കഷണം ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു.