ടിപി വധശ്രമ ഗൂഢാലോചനക്കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി∙ ടി.പി. ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സമാനമായ രണ്ടു പരാതികളിൽ നേരത്തേ അന്വേഷണം നടത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന് സർക്കാരാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അന്നു പല കാരണങ്ങൾ പറഞ്ഞ് സിബിഐ അതു നിഷേധിച്ചിരുന്നുവെന്നും സർക്കാർ കൂട്ടിച്ചേർത്തു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നൽകിയ ഹർജിയിലാണു സർക്കാർ നിലപാട് അറിയിച്ചത്. കേസുകൾ കേരള പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. അത് ആവർത്തിച്ച് അന്വേഷിക്കേണ്ട കാര്യമില്ല. സർക്കാർ തലത്തിൽ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിജ്ഞാപനം അവർ മതിയായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിച്ചിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.