ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; മൂന്നു മരണം

ബെംഗളൂരുവിൽ കെട്ടിടം തകർന്നുണ്ടായ അപകടം.

ബെംഗളൂരു∙ നഗരത്തിൽ നിര്‍മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം തകർന്നു വീണു മൂന്നു മരണം. കെട്ടിടത്തിനകത്തുണ്ടായിരുന്ന തൊഴിലാളികളാണു കൊല്ലപ്പെട്ടവർ. ഒട്ടേറെപ്പേർ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു റിപ്പോർട്ട്. ഇതുവരെ ഏഴു പേരെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്.

കസവനഹള്ളിയിലെ സർജാപുരിലാണു സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് മേയർ സമ്പത്ത് രാജ് അറിയിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. സെൻട്രൽ ജയിൽ റോഡിലെ കെട്ടിടമാണു തകർന്നു വീണത്.

അഞ്ചു നില കെട്ടിടമാണു നിർമാണത്തിലിരുന്നതെങ്കിലും മൂന്നു നിലയ്ക്കു മാത്രമേ അനുമതി നൽകിയിരുന്നുള്ളൂവെന്ന് മേയർ അറിയിച്ചു. പേയിന്റ് ഗസ്റ്റുകൾക്കായി നിർമിക്കുന്ന കെട്ടിടമാണെന്നാണു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റിയെടുക്കുകയായിരുന്നു. ആറു വർഷമായി നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ്. കഴിഞ്ഞ രണ്ടു വർഷം നിർമാണം നിർത്തിവച്ചു. ആറു മാസം മുൻപ് ഇതു പുനഃരാരംഭിക്കുകയായിരുന്നു.