ഷുഹൈബ് കൊല്ലപ്പെട്ട ദിവസം കിർമാണി മനോജ് പരോളിൽ; കൊടി സുനി തിരിച്ചെത്തിയത് വൈകിട്ട്

കൊല്ലപ്പെട്ട ഷുഹൈബ്. ടിപി വധക്കേസിലെ പ്രതികളുടെ പരോൾ ഓർഡർ. ചിത്രം∙ മനോരമ

തൃശൂർ∙ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട ദിവസത്തിനു തലേന്നും പ‍ിറ്റേന്നുമായി പരോളിൽ ജയിലിനു പുറത്തുണ്ടായിരുന്നതു ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മൂന്നു കുറ്റവാളികൾ. കൊലപാതകം നടന്ന 12നു ടിപി കേസിലെ രണ്ടാംപ്രതി കിർമാണി മനോജ് പരോളിലായിരുന്നു. മൂന്നാംപ്രതി കൊടി സുനി പരോൾ വാസത്തിനു ശേഷം ജയിലിൽ തിരിച്ചെത്തുന്നതു 12നു വൈകിട്ട്. ഒന്നാംപ്രതി എം.സി.അനൂപ് പിറ്റേന്നു രാവിലെ പരോളിൽ പുറത്തിറങ്ങുകയും ചെയ്തു. ടിപി കേസിലെ കുറ്റവാളികൾക്ക് ഒരേസമയം പരോൾ അനുവദിക്കുന്നതിനു നിയന്ത്രണമുണ്ടെങ്കിലും സുനിക്കും കിർമാണിക്കും പരോൾ ലഭിച്ചത് ഒരേസമയം.

12നു രാത്രി 11.30ന് ആണു ഷുഹൈബ് കണ്ണൂരിൽ ആക്രമിക്കപ്പെടുന്നത്. ഇതേദിവസം വൈകിട്ടു നാലുമണി വരെ കൊടി സുനി പരോളിലായിരുന്നു. ജന‍ുവരി 24നു പരോളിലിറങ്ങിയ കിർമാണി മനോജും ഈ മാസം 13നു രാവിലെ പരോളിലിറങ്ങിയ അനൂപും ഇപ്പോഴും പുറത്തു തന്നെ. കടുത്ത ഉപാധികൾക്കു വിധേയമായാണു കൊടി സുനിക്കു പരോൾ അനുവദിച്ചത്. കണ്ണൂർ ജ‍ില്ലയിൽ പ്രവേശിക്കാനുള്ള നിയന്ത്രണമായിരുന്നു ഇതിൽ പ്രധാനം. എന്നാൽ, പരോൾകാലത്തു സുനി കണ്ണൂർ ജില്ലയിൽ എത്തിയിരുന്നതായി വിവരമുണ്ട്. 

കൊടി സുനിക്കും സംഘത്തിനും സ്വാഭാവിക പരോൾ ആദ്യം

കൊടി സുനിക്കും സംഘത്തിനും പൊലീസ് കാവലില്ലാതെ സ്വാഭാവിക പരോൾ ലഭിക്കുന്നത് ഇതാദ്യം. മുൻപു കൊടി സുനിയും കിർമാണിയും രജീഷുമൊക്കെ പുറത്തിറങ്ങിയത് എസ്കോർട്ട് പരോളിലാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ കുറ്റവാളികളെ പൊലീസ് കാവല‍ിൽ പുറത്തയയ്ക്കാനുള്ള സംവിധാനമാണിത്. മുഴുവൻസമയവും പൊലീസ് ഒപ്പമുണ്ടാവുകയും വൈകിട്ടു ജയിലിൽ അന്തിയുറങ്ങേണ്ടി വരികയും ചെയ്യുമെന്നതാണു നിബന്ധന. സുനിക്കു 15 ദിവസവും കിർമാണിക്കു 30 ദിവസവുമാണ് ഇപ്പോൾ പരോൾ ലഭിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിലെ ബി ബ്ലോക്കിൽ ഏറക്കുറെ അടുത്തടുത്ത സെല്ലുകളിലാണു സുനി, അനൂപ്, കിർമാണി മനോജ് എന്നിവരുടെ താമസം.