കണ്ണൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

കണ്ണൂർ∙ കണ്ണൂരിലെ നീർവേലിയിൽ വച്ച് സിപിഎം പ്രവർത്തകനായ പാൽ വിതരണക്കാരനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. പട്യം ക്ഷീരോൽപാദക സഹകരണ സംഘത്തിലെ ജീവനക്കാരനായ ഷാജ(40)നെയാണ് മാരകായുധങ്ങളുമായി വെട്ടിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണു സംഭവം. സാരമായി പരുക്കേറ്റ ഷാജനെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. തലശേരി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രുഷ നൽകിയശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജൻ കിഴക്കെകതിരൂർ ക്ഷീരസംഘത്തിലെ വിതരണക്കാരനാണ്. പ്രദേശത്തെ ഒരാൾ അവധിയിലായതിനാൽ പകരം എത്തിയതാണ്. കിഴക്കെ കതിരൂർ സ്വദേശിയായ ഇയാൾക്ക് ആളുമാറി വെട്ടേറ്റതാണെന്നു പറയുന്നു. ആക്രമണത്തിനു പിന്നിൽ ആർഎസ്എസാണെന്ന് സിപിഎം ആരോപിച്ചു.