Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമൽ ജിഎം വിത്ത്, പുഷ്പിക്കില്ല: പ്രതിരോധക്കോട്ട തീർത്ത് പാർട്ടികൾ

kamal-speaks കമൽഹാസൻ.

ചെന്നൈ∙ രാഷ്ട്രീയ സസ്പെൻസ് അവസാനിപ്പിച്ച കമൽഹാസനെ പ്രതിരോധിച്ചു പാർട്ടികൾ. കമൽ മണമില്ലാത്ത കടലാസു പൂവാണെന്ന വിമർശനവുമായി ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും പ്രതിപക്ഷമായ ഡിഎംകെയും വിമർശനം കടുപ്പിച്ചു. ‘കാത്തിരുന്നു കാണാം’ എന്ന അടവുനയമാണു ബിജെപിയുടേത്.

മധുരയിൽ വൻ ജനാവലിയെ സാക്ഷിയാക്കിയാണു ‘മക്കൾ നീതി മയ്യം’ (ജനങ്ങളുടെ നീതി േകന്ദ്രം) എന്ന പാർട്ടി കമൽ ബുധനാഴ്ച പ്രഖ്യാപിച്ചത്. വെള്ളക്കൊടിയില്‍ കറുപ്പു പശ്ചാത്തലത്തിൽ നക്ഷത്രവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സൂചിപ്പിച്ച് ആറു കൈകളുമുള്ള പതാകയും അവതരിപ്പിച്ചു. നേതാവായി കമൽ ജനമനസ്സിൽ ഇടം തേടുന്നതു തടയുകയെന്ന ലക്ഷ്യത്തോടെ പാർട്ടികൾ ‘കൈകോർക്കുന്നത്’.

Read at: 'കമൽ ഈസ് കലാം' : വരവേറ്റ് രാമേശ്വരം

Kamal-Hassan-MNM

കമലിന്റെ രാഷ്ട്രീയ പ്രവേശനം ചിരവൈരികളായ അണ്ണാ ഡിഎംകെയെയും ഡിഎംകെയെയും ‘ഒരുമിപ്പിക്കുന്ന’ കാഴ്ചയ്ക്കാണു തമിഴകം സാക്ഷിയാകുന്നത്. കമൽ, രജനികാന്ത് തുടങ്ങിയ സൂപ്പർതാരങ്ങൾ തങ്ങളുടെ ഇടം പിടിച്ചടക്കുമെന്ന ആശങ്ക രണ്ടു പാർട്ടികൾക്കുമുണ്ട്. ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ പ്രസ്താവനെ അതേപടി പകർത്തിയാണു അണ്ണാ ഡിഎംകെ പ്രതിരോധം തീർത്തത്.

‘പുഷ്പിക്കുകയോ സുഗന്ധം പരത്തുകയോ ചെയ്യാത്ത കടലാസ് പൂവായി അത് മാറും’– മക്കൾ നീതി മയ്യത്തെപ്പറ്റി അണ്ണാ ഡിഎംകെ നേതാവും മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞു. ആ പാർട്ടിയുടെ വിത്ത് (കമൽ) ജനിതകമാറ്റം വരുത്തിയതാണ്. ജിഎം വിത്ത് ആർക്കും ഗുണപ്പെടില്ല, ഇന്ത്യയിൽ ഉപയോഗിക്കുന്നുമില്ല. നേതാവിനുള്ള പക്വത അദ്ദേഹത്തിനില്ല. രാഷ്ട്രീയമെന്താ കുട്ടിക്കളിയാണോ? – മന്ത്രി ചോദിച്ചു. റവന്യുമന്ത്രി ആർ.ബി.ഉദയകുമാറും വിമർ‌ശനവുമായി രംഗത്തെത്തി.

Read at: ജനം എനിക്കൊപ്പമല്ല, ഞാൻ ജനത്തിനൊപ്പം

‘കടലാസ് പൂക്കൾക്കു സ്വാഗതം’ എന്നായിരുന്നു കമലിന്റെയും രജനിയുടെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു എം.കെ.സ്റ്റാലിൻ പ്രസ്താവിച്ചത്. കാലാവസ്ഥ മാറുമ്പോൾ ചില ചെടികൾ പുഷ്പിക്കും, പിന്നീടു കൊഴിയും. അതുപോലെ തമിഴ്നാട് രാഷ്ട്രീയത്തിലും ഗ്ലാമറസായ കടലാസ് പുഷ്പങ്ങൾ പൂക്കാൻ ഒരുങ്ങുകയാണെന്നും സ്റ്റാലിൻ പരിഹസിച്ചു.

കമലിന്റെ പാർട്ടിക്കു വളരാനുള്ള ഇടമൊന്നും തമിഴ്നാട്ടിൽ ഇല്ലെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എം.വീരപ്പ മൊയ്‍ലി പറഞ്ഞത്. ഡിഎംകെയും അണ്ണാ ഡിഎംകെയും ആണു സംസ്ഥാനത്തെ പ്രധാന പ്രാദേശിക പാർട്ടികൾ. മറ്റുള്ളവർക്കു മുന്നിൽ താരങ്ങളുടെ പാർട്ടികൾ ഒതുങ്ങിപ്പോകും. കമലിന് എന്ത് അജൻഡയാണുള്ളത്. അണ്ണാ ഡിഎംകെ തകരുമെന്നും അവരുടെ ഇടത്തിലേക്കു വളരാമെന്നുമാണു കമൽ പ്രതീക്ഷിക്കുന്നത്. അതു സംഭവിക്കുമെന്നു കരുതുന്നില്ലെന്നും വീരപ്പെ മൊയ്‍ലി പറഞ്ഞു.

അതേസമയം, രൂക്ഷപ്രതികരണത്തിനു ബിജെപി മുതിർന്നില്ല. കമലിനു വാർത്തകളുടെ തലക്കെട്ടാകാൻ സാധിക്കും, എന്നാൽ നേതാവാകാൻ കഴിയില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. രാഷ്ട്രീയ ഭൂമികയിൽ താരങ്ങളുടെ പോരാട്ടമാണു നടക്കുകയെന്നും രജനിയെ ഉദ്ദേശിച്ചു തമിഴിസൈ സൂചിപ്പിച്ചു. ആശങ്കയില്ലെന്നും സ്വന്തമായ ആശയാടിത്തറയിലാണു ബിജെപി പ്രവർത്തിക്കുന്നതെന്നും തമിഴ്നാടിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പി.മുരളീധർ റാവു അഭിപ്രായപ്പെട്ടു.