Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീംകോടതി വിധി: കേരളത്തിൽ മദ്യശാലകളുടെ എണ്ണം കൂടുമോ? അറിയേണ്ടതെല്ലാം

ഉല്ലാസ് ഇലങ്കത്ത്
liquor-bottles-alcohol

തിരുവനന്തപുരം∙ ദേശീയ, സംസ്ഥാന പാതയോരത്തുള്ള പഞ്ചായത്തുകളിലെ ‘നഗരപ്രദേശങ്ങളിൽ’ മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ച് സർക്കാരുകൾക്കു തീരുമാനിക്കാമെന്ന് സുപ്രീംകോടതി നിർദേശിച്ചതോടെ സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാൻ വഴിയൊരുങ്ങി. ദേശീയ, സംസ്ഥാന പാതയ്ക്ക് 500 മീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾ പൂട്ടാൻ 2017 മാർച്ച് 31നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

നഗരമേഖലകളിൽ ദേശീയ, സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ പരിധിയിൽ ബാറുകൾക്കും മദ്യക്കടകൾക്കും നിരോധനമില്ലെന്നു പിന്നീട് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ബാറുകൾ തുറക്കാൻ വഴിയൊരുങ്ങി. ദേശീയ, സംസ്ഥാന പാതകളിലെ ബാറുകളും മദ്യശാലകളും നിരോധിച്ച മുൻ ഉത്തരവ് പൂർണ നിരോധനമല്ലെന്നും നഗരപരിധിക്കുള്ളിലെ റോഡുകളെ ഹൈവേ വിഭാഗത്തിൽനിന്ന് ഒഴിവാക്കി ബാറിന് അനുമതി നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

സുപ്രീം കോടതി നിർദേശം വന്നതോടെ കോർപറേഷൻ, മുനിസിപ്പാലിറ്റികളിലെ ദേശീയ–സംസ്ഥാന പാതകളുടെ സമീപത്തു പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളും ബാറുകളും ഉൾപ്പെടെ 466 മദ്യശാലകൾ തുറക്കാൻ  2017 ജൂലൈയിൽ  സർക്കാർ അനുമതി നൽകി. അപ്പോഴും പഞ്ചായത്ത് പ്രദേശങ്ങളിലെ നഗരപരിധിയിൽവരുന്ന ബാറുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെതിരെ ബാറുടമകൾ കോടതിയെ സമീപിച്ചു. സർക്കാരും അനുകൂല നിലപാടെടുത്തു.

പഞ്ചായത്തു പ്രദേശങ്ങളിലെ നഗരമേഖലകളിൽകൂടി ബാറുകൾ തുറക്കാൻ കോടതിയുടെ അനുമതി ലഭിച്ചതോടെ, സർക്കാർ അനുകൂല തീരുമാനമെടുത്താൽ 520 ഷാപ്പുകളും, 171 ബീർ വൈൻ പാർലറും, 30 ബാറുകളും 12 സർക്കാർ ഔട്ട്ലറ്റുകളും തുറക്കാൻ കഴിയുമെന്നാണ് പ്രാഥമിക കണക്ക്. പുതിയ ലൈസൻസുകൾക്കും അനുമതി നൽകാനാകും. അതോടെ മദ്യശാലകളുടെ എണ്ണം കൂടും. സർക്കാർ നയമനുസരിച്ച് ത്രീ സ്റ്റാർ ബാറുകൾക്കു മാത്രമേ അനുമതി ലഭിക്കൂ. 

∙ സർക്കാരിന് മുന്നിലെ വഴികൾ

ദേശീയ, സംസ്ഥാന പാതയ്ക്ക് 500 മീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾ പൂട്ടാൻ ഉത്തരവിട്ടത് സുപ്രീം കോടതി ആയതിനാൽ സർക്കാരിന് അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടി വന്നില്ല. കോടതി ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കണമെങ്കിൽ ആദ്യം മന്ത്രിസഭ തീരുമാനമെടുക്കണം. പഞ്ചായത്തുകളിലെ നഗരപ്രദേശത്തിന് നിർവചനം നൽകി ഉത്തരവ് പുറത്തിറക്കണം.

അതിനുശേഷം നിലവിൽ അടഞ്ഞുകിടക്കുന്ന മദ്യശാലകൾ തുറന്നു പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ എക്സൈസിന് അപേക്ഷ നൽകണം. പുതിയ ലൈസൻസ് ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. ഈ അപേക്ഷകൾ എക്സൈസ് പരിശോധിച്ചശേഷം യോഗ്യതയുള്ളവർക്ക് ലൈസൻസ് നൽകും. 

∙ കേരളത്തിലെ മദ്യശാലകൾ 

യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾ -815 

(പകരം ബീയർ, വൈൻ പാർലർ ലൈസൻസ്) 

പാതയോരമദ്യവിൽപന സംബന്ധിച്ച സുപ്രീംകോടതി വിധിക്കു മുൻപ് 

ബീയർ, വൈൻ പാർലറുകൾ – 815 

പഞ്ചനക്ഷത്ര ബാർ –30, ക്ലബ് – 34 

ചില്ലറ വിൽപനശാല – 306 

സുപ്രീം കോടതി വിധിക്കുശേഷം 

ബീയർ, വൈൻ പാർലർ – 474 

പഞ്ചനക്ഷത്ര ബാർ – 23, ക്ലബ് – 16 

ചില്ലറ വിൽപനശാല – 210 

എൽഡിഎഫ് മദ്യനയത്തിനുശേഷം 

തുറന്ന ബാറുകൾ - 183

പുതുതായി ലൈസൻസ് നൽകിയത് – 64

വിവിധകാരണങ്ങളാൽ‍ തുറക്കാൻ കഴിയാത്ത ബാറുകൾ – 415

ബിവറേജസ് കോർപറേഷന്റെ 270 ഔട്ട്ലറ്റുകളിൽ  262 എണ്ണം തുറന്നിട്ടുണ്ട്.