ചിത്രം പതിച്ച കൊടിയുമായി പ്രവർത്തകർ; ശരിയായ രീതിയല്ലെന്ന് ഉപദേശിച്ച് പിണറായി

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ പിണറായിയുടെ ചിത്രം പതിച്ച കൊടിയുമായി പ്രവർത്തകർ. ചിത്രം: മനോജ് ചേമഞ്ചേരി

തൃശൂർ∙ തന്റെ ചിത്രം കൊടികളിലും ബോർഡുകളിലും ഉൾപ്പെടുത്തിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് പ്രവർത്തകരോടായി ഇക്കാര്യം പിണറായി പറഞ്ഞത്. സമ്മേളന വേദിയിൽ പിണറായിയുടെ ചിത്രം പതിച്ച കൊടികളുമായി ചിലർ എത്തിയിരുന്നു. ഇതു കണ്ടപ്പോഴായിരുന്നു പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം പ്രവർത്തകരെ ഉപദേശിച്ചത്.

തന്റെ ചിത്രമുള്ള കൊടി വീശുന്നത് ശരിയായ രീതിയല്ല. പാർട്ടിക്കു വ്യത്യസ്തമായ ഒരു രീതി സൃഷ്ടിക്കരുതെന്നും പിണറായി പറഞ്ഞു. പാർട്ടി പ്രവർത്തകർക്കിടയിൽ വേർതിരിവു പാടില്ല. പാർട്ടി ഏൽപിക്കുന്ന ചുമതലകളാണ് താനടക്കം എല്ലാവരും ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ നിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി

ഒരു ഘട്ടത്തിൽ വിഭാഗീയരുടെ സ്വാധീനം കുറയുന്നു എന്നു പറയുമ്പോൾ ചിലർ ചിലയിടങ്ങളെ ചൂണ്ടിക്കാട്ടും. എന്നാല്‍ ഇന്ന് ഒരു തുരുത്തുപോലും വിഭാഗീയതയുടെ പേരിലില്ല. വിഭാഗീയത പലതവണ പാർട്ടി നേരിട്ടിട്ടുള്ളതാണ്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് മുൻപ് ചിലയിടങ്ങളില്‍ വന്നു. അതിനു വസ്തുതകളുമായി ഒരു ബന്ധവുമില്ല. ഇത്തരം കാര്യങ്ങൾ എവിടെയും ഏശാൻ പോകുന്നില്ലെന്നും പിണറായി വ്യക്തമാക്കി.

സിപിഎം സംസ്ഥാന സമ്മേളനത്തിനെത്തിയ റെഡ് വൊളണ്ടിയർമാർ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

കേരളത്തിലെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് നീക്കത്തിനെതിരെ ശക്തമായ നടപടിയുണ്ടാകും. ആർഎസ്എസ് അവരുടെ അജൻഡ നടപ്പാക്കാനാണു ശ്രമിക്കുന്നത്. ഇതു പുറത്തെടുത്താൽ  നടപടിയുണ്ടാകും. മത നിരപേക്ഷത സംരക്ഷിക്കാൻ സർക്കാർ സജ്ജമാണ്.

സിപിഎം സംസ്ഥാന സമ്മേളനത്തിനെത്തിയ റെഡ് വൊളണ്ടിയർമാർ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ റെഡ് വൊളണ്ടിയർ മാർച്ച്. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

യുഡിഎഫിന്റെ പ്രധാന തൂണാണ് കേരള കോണ്‍ഗ്രസ്. അവരിപ്പോള്‍ യുഡിഎഫിൽ നിന്നു മാറിനിൽക്കുകയാണ്. മുസ്‌ലിം ലീഗും കോൺഗ്രസും മാത്രം കാര്യങ്ങൾ സംസാരിച്ചിരിക്കുകയെന്നല്ലാതെ വേറെ ആരാണ് ഇപ്പോൾ യുഡിഎഫിലുള്ളത്. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ സമാധാന ചർച്ച വേണമെന്നു പ്രതിപക്ഷനേതാവുമായി ചർച്ച ചെയ്തതാണ്. എന്നാൽ യോഗം ബഹളത്തിൽ തീർക്കാനാണ് കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചത്. ഇവർ തമ്മിലുള്ള ഗ്രൂപ്പു വഴക്കാണ് ഇതിനു കാരണമായതെന്നും പിണറായി പറഞ്ഞു.