എം. മുരളി യുഡിഎഫ് സ്ഥാനാർഥി; ചെങ്ങന്നൂർ തിരിച്ചു പിടിക്കാൻ കോൺഗ്രസ്

എം. മുരളി (ഫയൽചിത്രം∙ മനോരമ)

കോട്ടയം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എം. മുരളി യുഡിഎഫ് സ്ഥാനാർഥിയാകും. മുരളിയെ സ്ഥാനാർഥിയാക്കാൻ നേതൃത്വം ഏകാഭിപ്രായത്തിൽ‌ എത്തിയെന്നാണു സൂചന. നാലു തിരഞ്ഞെടുപ്പുകളിലായി 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണു മുരളി. തിരഞ്ഞെടുപ്പിൽ ജയിക്കാൻ തന്ത്രങ്ങളൊരുക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണനു ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പു ചുമതല നൽകാനും കോൺഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്നമായാണു കോൺഗ്രസ് കാണുന്നത്.

ചെങ്ങന്നൂരിൽ എം. മുരളിയെ നിർത്തിയാലാണു ജയസാധ്യതയെന്നും ബിജെപിക്കു കിട്ടാൻ സാധ്യതയുള്ള നായർ വോട്ടുകൾ മുരളിക്കു ലഭിക്കുമെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടൂന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുമായി പ്രാദേശിക നേതൃത്വം ചർച്ചകൾ പൂർത്തിയാക്കിയെന്നാണു വിവരം. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ അനുമതിയും കേരള നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.

ഇടതുപക്ഷ സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ മൽസരിക്കുമെന്നാണു കോൺഗ്രസിനു കിട്ടിയ വിവരം. ഇതോടെയാണു മുരളിയെ രംഗത്തിറക്കാൻ പാർട്ടി തീരുമാനിച്ചത്. ബിജെപിക്കു വേണ്ടി പി.എസ്. ശ്രീധരൻപിള്ള തന്നെ വീണ്ടും മൽസരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. പ്രചാരണപ്രവർത്തനങ്ങൾക്കു ബിജെപി തുടക്കം കുറിച്ചതും ആർഎസ്എസ് പ്രവർത്തനത്തിനു നേതൃത്വം കൊടുക്കാൻ തീരുമാനിച്ചതുമാണു യുഡിഎഫിന്റെ നീക്കങ്ങൾക്കു വേഗം കൂടാൻ കാരണം.

കേരള കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടാണു യുഡിഎഫും എൽഡിഎഫും കാത്തിരിക്കുന്നത്. കെ.എം. മാണി ആർക്കു പിന്തുണ പ്രഖ്യാപിക്കുമെന്ന ആകാംക്ഷ ഇരുമുന്നണികൾക്കുമുണ്ട്. പ്രവർത്തനരംഗത്തേക്കിറങ്ങാനും താഴെത്തട്ടിലെ കമ്മിറ്റികൾ വിളിച്ചുചേർക്കാനുമാണു കഴിഞ്ഞദിവസം ചേർന്ന കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ തീരുമാനം.

പക്ഷേ, സ്ഥാനാർഥിയെ നിർത്തുകയെന്ന തീരുമാനത്തിലേക്കു കേരള കോൺഗ്രസ് പോകാനിടയില്ല. രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കലും അപകടമാകുമെന്നു കേരള കോൺഗ്രസിൽ തന്നെ വിരുദ്ധാഭിപ്രായമുണ്ട്. മനഃസാക്ഷി വോട്ട് എന്ന തീരുമാനത്തിലേക്കു പോകുമെന്ന സാധ്യത പറയുന്ന നേതാക്കളും കേരള കോൺഗ്രസിലുണ്ട്.