ശ്രീദേവിയുടെ മരണം: കേസന്വേഷണം അവസാനിപ്പിച്ചു, മൃതദേഹം വിട്ടുനൽകി

നടി ശ്രീദേവി.

ദുബായ്∙ നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ്. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചു. മരണവുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നൽകാൻ അനുമതി നൽകിയതായും പൊലീസ് വ്യക്തമാക്കി.

അതേസമയം, എംബാമിങ് നടപടികൾ പൂർത്തിയായതിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. ഇന്നുതന്നെ മുംബൈയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ശ്രീദേവി ദുബായിലെ ഹോട്ടൽ മുറിയിൽ ബാത് ടബ്ബിൽ മുങ്ങി മരിച്ചതാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ദുബായിൽ പൊതുദർശനത്തിനു വയ്ക്കില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

Read at: ശ്രീദേവിയുടെ മരണം: ദുബായിലെ സംഭവങ്ങൾ വെളിപ്പെടുത്തി താരം

പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയതോടെ മൃതദേഹംനാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള രേഖകൾ ദുബായ് പൊലീസ് ഉടൻ കൈമാറുമെന്നാണു പ്രതീക്ഷ. അതിനിടെ, ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും പ്രോസിക്യൂഷൻ പരിശോധിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീദേവിയുടെ മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തതയുള്ള സാഹചര്യത്തിൽ ഭർത്താവ് ബോണി കപൂറിനെ പൊലീസ് ചോദ്യം ചെയ്തു.

റാസൽ ഖൈമയിലെ വിവാഹാഘോഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂർ വീണ്ടും ദുബായിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി ചോദിച്ചു മനസ്സിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാൻ പൊലീസ് അനുവദിച്ചു