ബെംഗളൂരുവിനോടും തോറ്റു; ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർകപ്പ് മോഹങ്ങളിലും കരിനിഴൽ

ബെംഗളുരുവിനെതിരായ മൽസരത്തിൽ‌ സി.കെ. വിനീത്.ചിത്രം: ഐഎസ്എൽ‌

ബെംഗളൂരു∙ പ്ലേ ഓഫ് സാധ്യതകൾ കൈവിട്ടതിന്റെ വേദനയുമായി, അവസാന ലീഗ് മൽസരത്തിൽ ജയം മോഹിച്ചെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുറിവിൽ എരിവുള്ള മുളകു പുരട്ടി ബെംഗളൂരു എഫ്സി. ഇൻജുറി ടൈമിൽ നേടിയ രണ്ടു ഗോളുകളിലാണ് ആതിഥേയരുടെ വിജയം. ആശ്വാസ ജയത്തോടെ സീസൺ അവസാനിപ്പിക്കാമെന്ന ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾ ഇൻജുറി ടൈമിലെ ഇരട്ടഗോളിൽ തല്ലിക്കെടുത്തിയ അവർ, സൂപ്പർകപ്പിന് നേരിട്ടു യോഗ്യത നേടാമെന്ന പ്രതീക്ഷയിലും മണ്ണുവാരിയിട്ടു. നിശ്ചിത സമയത്ത് സമനിലയിൽ നിന്ന മൽസരത്തിന്റെ ഇൻജുറി ടൈമിൽ ലക്ഷ്യം കണ്ട മിക്കു (90+1), ഉദാന്ത സിങ് (90+3) എന്നിവരാണ് ബെംഗളൂരുവിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.

ഇതോടെ 18 മത്സരങ്ങളിൽ നിന്നും 25 പോയിന്റുമായി കേരളം ആറാം സ്ഥാനത്തു തുടരുകയാണ്. ഈ സ്ഥാനം നിലനിർത്താൻ കഴിഞ്ഞാൽ കേരളത്തിന് സൂപ്പർ കപ്പിനു നേരിട്ടു യോഗ്യത നേടാം. മുംബൈയ്ക്കും ഗോവയ്ക്കും ജംഷഡ്പുരിനും കളി ബാക്കിയുള്ളതിനാൽ ഈ മത്സരങ്ങൾ കൂടി കഴിഞ്ഞേ കേരളത്തിന്റെ നില അറിയാൻ കഴിയുകയുള്ളൂ. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബെംഗളൂരുവിന് 18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റായി.

ബെംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ.ചിത്രം– സമീർ. എ. ഹമീദ്

91–ാം മിനുട്ടിൽ പന്തുമായി ബോക്‌സിന്റെ വലതു വശത്തേക്ക് ഓടിക്കയറിയ മിക്കു ഇടതു പോസ്റ്റിലേക്ക് നിറയൊഴിച്ചാണ് അവസാന മത്സരത്തിൽ ജയം എന്ന കേരളത്തിന്റെ സ്വപ്‌നം ഊതിക്കെടുത്തിയത്. രണ്ടു മിനിറ്റിനുള്ളിൽ ഉദാന്ത സിങ് കേരള പ്രതിരോധത്തിനിടയിലൂടെ ഗോളി റെച്ചൂബ്കയെ കീഴടക്കുന്നത് ഗാലറി നിറച്ചെത്തിയ മഞ്ഞപ്പടയ്ക്ക് അവിശ്വസനീയ കാഴ്ചയായി.

സെമി സാധ്യത നേരത്തെ തന്നെ പൊലിഞ്ഞ ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടാൻ കാര്യമായി ഒന്നുമില്ലാത്തതിനാൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്വന്തം ഗ്രൗണ്ടിൽ ലീഡു നേടാൻ ബെംഗളൂരു ആവുന്നത് ശ്രമിച്ചെങ്കിലും നടന്നുമില്ല. കളി സമനിലയിലവസാനിക്കും എന്ന് ഏകദേശം ഉറപ്പായ അവസരത്തിലാണ് ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് മിക്കുവിന്റെ ഗോളെത്തിയത്. മൂന്നു മിനിറ്റു മുൻപ് മിക്കുവിന്റെ ഇതേ രീതിയിലുള്ള ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയിരുന്നു.

ജാക്കിചന്ദ് സിങ്ങിന്റെ മുന്നേറ്റം.ചിത്രം: ഐഎസ്എൽ

ഒന്നാം പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ പാഴാക്കുന്നതിനാണ് മത്സരിച്ചത്. ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഗോളെന്നുറച്ച രണ്ട് അവസരങ്ങളെങ്കിലും നഷ്ടപ്പെടുത്തി. ബാൾഡ്‌വിൻസിന്റെ ശ്രമത്തോടെയാണ് കേരളം ആക്രമണം തുടങ്ങിയത്. എട്ടാം മിനിറ്റിൽ ബാൾഡ്‌വിൻസൻ തൊടുത്ത ഷോട്ട് പുറത്തേക്കു പോയി. മൂന്നു മിനിറ്റിനുള്ളിൽ ഛേത്രിയുടെ ലോങ് റേഞ്ചർ ഇടതു പോസ്റ്റിനരികിലൂടെ പുറത്തേക്ക്. 13–ാം മിനിറ്റിൽ ലീഡ് നേടാനുള്ള അവസരം ബ്ലാസ്റ്റേഴ്സ് വീണ്ടും നഷ്ടപ്പെടുത്തി. ഇടതു വശത്തുകൂടി ഓടിക്കയറിയ ജാക്കിചന്ദ് സിങ് നൽകിയ ബാക്ക് പാസ് വിനീത് നഷ്ടപ്പെടുത്തുകയായിരുന്നു.

മൽസരത്തിനിടെ സുനിൽ ഛേത്രി.ചിത്രം: ഐഎസ്എൽ

പത്ത് മിനിറ്റിനുള്ളിൽ ബെംഗളൂരുവിനും കിട്ടി സമാനമായ അവസരം. അവരുടെ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി പോൾ റെച്ചൂബ്ക തടുത്തിട്ടപ്പോൾ ഓടിയെത്തിയ നിഷു കുമാർ പന്ത് അടിച്ചു പുറത്താക്കി. തുടർന്നങ്ങോട്ട് ഛേത്രിയുടെയും കൂട്ടരുടെയും നിരന്തരമുള്ള ആക്രമണമായിരുന്നു. ഛേത്രിയും ബൊയ്താങ്ങും നിഷു കുമാറുമെല്ലാം ചെറിയ ഇടവേളകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിൽ പരീക്ഷണങ്ങൾ ആവർത്തിച്ചു. എന്നാൽ ഒന്നും വലയിൽ കയറിയില്ല. ചിലതാകട്ടെ ഗോളിയുടെ കൈകളിൽ സുരക്ഷിതമായി പറന്നിറങ്ങി.

രണ്ടാം പകുതിയിലും പന്ത് ഇരുഭാഗത്തേക്കും കയറിയിറങ്ങി. ആദ്യ നീക്കം കേരളത്തിന്റെ ഭാഗത്തു നിന്നായിരുന്നു. മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നുള്ള ഫ്രീകിക്ക് പിടിച്ചെടുത്ത മിലൻ സിങ്ങ് പന്ത് ബോക്‌സിലേക്ക് മറിച്ചു. അരാത്ത ഇസുമിയുടെ വോളി ബെംഗളൂരു പ്രതിരോധത്തിൽ തട്ടി പുറത്തുപോയി. ടൂർണ്ണമെന്റിൽ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം സമനില പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇൻജുറി ടൈമിൽ തുടരെ രണ്ടു ഗോളടിച്ച് ബെംഗളൂരു ഞെട്ടിച്ചത്.