Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയെ വീഴ്ത്തി ചെന്നൈയിൻ എഫ്സി കാത്തു; ബ്ലാസ്റ്റേഴ്സ് സൂപ്പർകപ്പിന്

MCFCvsCFC ചെന്നൈയിൻ എഫ്സി–മുംബൈ എഫ്സി മൽസരത്തിൽനിന്ന്. (ചിത്രത്തിന് കടപ്പാട്: ഐഎസ്എൽ)

ചെന്നൈ∙ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എല്ലിലെ നിർണായക മൽസരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ ആതിഥേയരായ ചെന്നൈയിൽ എഫ്‌സിയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയത്. 67–ാം മിനിറ്റിൽ പെനൽറ്റിയിലൂടെയാണ് ചെന്നൈയിൻ തങ്ങളുടെ ഏക ഗോൾ നേടിയത്. മുംബൈ താരം മെഹ്‌റാജുദ്ദീൻ വാഡു ചെന്നൈയിൽ ക്യാപ്റ്റൻ ജെയിം ഗാവിലാനെ വീഴ്ത്തിയതിനു കിട്ടിയ ശിക്ഷ, റെനി മിഹലിച്ച് പിഴവൊന്നും കൂടാതെ വലയിലാക്കി. ഇതോടെ 32 പോയിന്റുമായി ചെന്നൈയിൻ എഫ്‌സി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.

ജയിച്ചത് ആതിഥേയരായ ചെന്നൈയിനാണെങ്കിലും അതുകൊണ്ട് ശരിക്കും ഗുണമുണ്ടായത് അയൽക്കാരായ കേരളാ ബ്ലാസ്റ്റേഴ്സിനാണ്. അവസാന മൽസരം തോറ്റ മുംബൈ 23 പോയിന്റുമായി ഏഴാം സ്ഥാനത്തായതോടെ, 25 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ബ്ലാസ്റ്റേല്സ് സൂപ്പർകപ്പിലേക്കു നേരിട്ടു യോഗ്യത നേടി.

ജയിച്ചാലും തോറ്റാലും സെമിയിൽ സ്ഥാനം നേരത്തെ ഉറപ്പിച്ചിരുന്ന ചെന്നൈയിൽ എഫ്സിയാണ് കളിയുടെ തുടക്കത്തിൽ അൽപം മുന്നിട്ടു നിന്നത്. പ്രമുഖ താരം ജെജെയ്ക്ക് വിശ്രമം കൊടുത്തതൊന്നും അവരുടെ പ്രകടനത്തെ ബാധിച്ചില്ല. പിന്നീട് മുംബൈ കളി വരുതിയിലാക്കി. പല തവണ കോർണർ വഴങ്ങിയാണ് ചെന്നൈയിൻ എഫ്‌സി മുംബൈയുടെ ആക്രമണത്തെ പ്രതിരോധിച്ചത്.

37–ാം മിനിറ്റിൽ ചെന്നൈയിൻ ആണ് ആദ്യം ഗോളിന്റെ വക്കത്തെത്തിയത്. മുംബൈ കളിക്കാരനിൽനിന്നും പന്തു തട്ടിയെടുത്ത് വലതു വിങ്ങിലൂടെ ഓടി ബോക്‌സിൽ കയറിയ ഗാവിലാനെ ഗോയൻ തടഞ്ഞു. ഇതിനിടയിൽ ജെയിം വീഴുകയും ചെയ്തു. പന്തു കിട്ടിയ രാജു ഗെയ്ക്‌വാദ് അടിച്ചകറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെന്നൈയുടെ ജൂഡ് നോരുവിന്റെ ഷോട്ട് മുംബൈ ഗോളി അരിന്ദം ഭട്ടാചാര്യയുടെ കാലിൽതട്ടി വലയിൽ കയറിയെന്ന് കരുതിയതാണ്. പക്ഷെ വലതുപോസ്റ്റിൽ തട്ടി തിരികെ വന്ന പന്ത് മുംബൈ പ്രതിരോധം അടിച്ചകറ്റി. നേരത്തെ ബോക്‌സിനു പുറത്തുനിന്ന് കിട്ടിയ ഒരു ഫ്രീകിക്ക് മുംബൈയും നഷ്ടപ്പെടുത്തി.

ജയം കൊണ്ടു മാത്രമേ മൂന്നു പോയിന്റ് നേടി കേരള ബ്ലാസ്‌റ്റേഴ്‌സിനു മുന്നിൽ ആറാം സ്ഥാനത്തെത്താൻ കഴിയൂ എന്നറിയാവുന്ന മുംബൈ രണ്ടാം പകുതിയിൽ തുടക്കത്തിലേ ആക്രമണത്തിൽ ശ്രദ്ധിച്ചു. പക്ഷെ ഗോൾമുഖത്ത് ബാറിനു കീഴിൽ പവൻ കുമാറിനെ പരീക്ഷിക്കാൻ അവർക്ക് അവസരം ലഭിച്ചില്ല. 61–ാം മിനിറ്റിൽ മുംബൈയുടെ ആക്രമണനിരയിൽ അകിലെ ഇമാന ഇറങ്ങിയ ശേഷമാണ് കളി ചൂടായത്. മൂന്നു മിനിറ്റിനുള്ളിൽ ഇരു ഭാഗത്തും അവസരങ്ങൾ തുറന്നു. ചെന്നൈയിന്റെ ഗാവിലാന്റെ കനത്ത ഷോട്ട് ഗോളി അരിന്ദം രക്ഷപ്പെടുത്തിയപ്പോൾ, ഇപ്പുറത്ത് ഒരു പ്രത്യാക്രമണത്തിലൂടെ എവർട്ടൺ സാന്റോസുമെത്തി. സാന്റോസിന്റെ ഷോട്ട് അനിരുദ്ധ് ഥാപ്പ തടഞ്ഞു.

തൊട്ടടുത്ത മിനിറ്റിൽത്തന്നെ ചെന്നൈയിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. മെഹ്‌റാജുദ്ദീൻ വാഡു ബോക്‌സിലേക്കു കയറി വന്ന ഗാവിലാനെ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത റെനി മിഹലിച്ച് പിഴവൊന്നും കൂടാതെ പന്ത് വലയിലാക്കി. 78–ാം മിനിറ്റിൽ പന്തുമായി ബോക്‌സിലേക്ക് കയറിയ ഇമാനയെ ചെന്നൈയിൻ ഗോളി പവൻ കുമാർ വീഴ്ത്തിയതിന് മുംബൈ താരങ്ങൾ പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 91–ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്നും കിട്ടിയ ഫ്രീകിക്കും മുംബൈയ്ക്ക് മുതലാക്കാനായില്ല. ഇമാനയുടെ കരുത്തുള്ള ഷോട്ട് ഗോളി കയ്യിലൊതുക്കി. ലോങ് വിസിലിനു നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മുംബൈ പന്ത് ചെന്നൈയുടെ വലയിൽ എത്തിച്ചെങ്കിലും ലൈൻ റഫറി ഓഫ് സൈഡ് വിധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.