കേസുകൾ സ്വയം വാദിക്കും; കുപ്രസിദ്ധ മോഷ്ടാവ് ‘വക്കീൽ സജീവ്’ പിടിയിൽ

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ സ്വന്തം കേസുകൾ സ്വയം വാദിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ‘വക്കീൽ സജീവ്’ എന്ന സജീവ് (55) പിടിയിൽ. അന്തർ സംസ്ഥാന മോഷ്ടാവായ പാലക്കാട് ഒറ്റപ്പാലം തോട്ടക്കര ശ്രീകൃഷ്ണ വിലാസത്തിൽ സജീവിനെ സിറ്റി ഷാഡോ പൊലീസാണു പിടികൂടിയത്. കഴക്കൂട്ടം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കാര്യവട്ടം യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിൽ ജനുവരിയിൽ 20 പവൻ മോഷണം പോയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണു ഇയാൾ കുടുങ്ങിയത്.

ശാസ്തമംഗലം, കോട്ടയം മെഡിക്കൽ കോളജ്, കോട്ടയം ബേക്കർ ജംഗ്ഷനിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫിസ്, ബസേലിയസ് കോളജിനു സമീപമുള്ള ഓഫിസ്, തിരുവല്ല തേജസ് ക്ലിനിക്, തിരുവല്ല സെന്റ് ജോൺസ് കോളജ് ഓഫിസ്, കർണാടകയിലെ മണിപ്പാൽ മെഡിക്കൽ കോളജ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ പണവും സ്വർണവും വില കൂടിയ വാച്ചും മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.

പ്രധാനമായും ഫ്ലാറ്റ്, ക്വാർട്ടേഴ്സ്, ഓഫിസ് എന്നിവിടങ്ങളിൽ പകൽ സമയങ്ങളിൽ ആളില്ലാത്ത തക്കം നോക്കിയാണു മോഷണങ്ങൾ നടത്തിയിരുന്നത്. സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശിന്റെ നേതൃത്വത്തിൽ ഡിസിപി ജി.ജയദേവ്, സ്പെഷ്യൽ ബ്രാഞ്ച് എസി എ.പ്രമോദ് കുമാർ, കഴക്കൂട്ടം സിഐ അജയകുമാർ, എസ്ഐ സുധീഷ്, ഷാഡോ എഎസ്ഐമാരായ അരുൺ കുമാർ, യശോധരൻ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണു പ്രതിയെ പിടികൂടിയത്.