ഫാ.പുതൃക്കയിൽ കുറ്റവിമുക്തൻ; ഫാ.കോട്ടൂരിനും സിസ്റ്റർ സെഫിക്കുമെതിരെ കൊലക്കുറ്റം

ഫാ. ജോസ് പുതൃക്കയിൽ, ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി (ഫയൽ ചിത്രങ്ങൾ)

തിരുവനന്തപുരം∙ സിസ്റ്റർ അഭയ കേസിൽ ഫാ.ജോസ് പുതൃക്കയിലിനെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തനാക്കി. അതേസമയം, മറ്റു പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്നും കോടതി നിർദ്ദേശിച്ചു. ഇവർക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അപകീര്‍ത്തി കുറ്റങ്ങളാണ് സിബി‌ഐ ആരോപിച്ചിരിക്കുന്നത്.

ഫാ. പുതൃക്കയിൽ, ഫാ. കോട്ടൂർ, സിസറ്റർ സെഫി എന്നിവർ ഏഴു വർഷം മുൻപു നൽകിയ വിടുതൽ ഹർജിയിലാണു കോടതി ഇന്നു വിധി പറഞ്ഞത്. നേരത്തെ, വിധി പറയുന്നതു രണ്ടു തവണ മാറ്റിയിരുന്നു. ഇതോടെ, 26 വര്‍ഷത്തിനുശേഷം സിസ്റ്റര്‍ അഭയ കേസില്‍ വിചാരണയ്ക്ക് കളമൊരുങ്ങി.

Read In English

സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണു വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്കു പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസം കഴിഞ്ഞു പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനു പിന്നാലെയാണു കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചു മൂവരും വിടുതല്‍ ഹര്‍ജി നല്‍കിയത്.

സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്കെതിരാണെന്നും വിചാരണയിലേക്കു കടന്നു സാക്ഷിവിസ്താരം തുടങ്ങുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഹര്‍ജികളെ എതിര്‍ത്തു സിബിഐ വാദിച്ചു. രണ്ടു പ്രതികൾക്കെതിരെ സിബിഐ നൽകിയ തെളിവുകൾ കോടതി സ്വീകരിച്ചു. ഏഴു വര്‍ഷമായിട്ടും ഹര്‍ജിയിലെ വാദം നീണ്ടുപോയതിനു പ്രതിഭാഗത്തെ കോടതി നിശിതമായി വിമര്‍ശിച്ചതിനൊടുവിലാണ് നടപടികള്‍ പൂര്‍ത്തിയാക്കി വിടുതൽ ഹർജിയിൽ വിധിയെത്തിയത്.

ദൈവത്തിന്റെ കയ്യൊപ്പുള്ള വിധി: ഫാ.പുതൃക്കയില്‍

സിസ്റ്റർ അഭയ കേസിൽനിന്നു കുറ്റവിമുക്തനാക്കിയ കോടതി വിധി ദൈവത്തിന്റെ കയ്യൊപ്പുള്ളതെന്നു ഫാ.പുതൃക്കയില്‍ പറഞ്ഞു. അഭയ കേസില്‍ അപക്വമായ ഒരു പെരുമാറ്റം പോലും തന്റെ ഭാഗത്തുണ്ടായിട്ടില്ല. നിരപരാധിത്വം കോടതിയെ അറിയിച്ചു. അത് അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം. കേസ് കഴിഞ്ഞാല്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നുകാട്ടുമെന്നും ഫാദര്‍ ജോസ് പുതൃക്കയില്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

സിസ്റ്റർ അഭയ കൊലക്കേസ് ഇങ്ങനെ

1992 മാർച്ച് 27 നു രാവിലെയാണ് സിസ്‌റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നിട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സംസ്‌ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം 1993 മാർച്ച് 29നു സിബിഐ ഏറ്റെടുത്തു. വൈദികരായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്‌റ്റർ സെഫി എന്നിവർക്കെതിരെ സിബിഐ കേസ് ചാർജ് ചെയ്‌തു. 2009 ജൂലൈ 17നു കുറ്റപത്രം സമർപ്പിച്ചു. 2011ൽ ആണു പ്രതികൾ വിടുതൽ ഹർജി നൽകിയത്.