അയോധ്യ കേസ്: കക്ഷി ചേരാനുള്ള അപേക്ഷകൾ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി∙ അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തർക്ക കേസില്‍ കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും തള്ളി സുപ്രീംകോടതി. കേസില്‍ കക്ഷിയാകാനുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷയും തള്ളിയിട്ടുണ്ട്. അലഹാബാദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷികളായിരുന്നവരുടെ വാദം മാത്രമേ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി. തുടർവാദം കേൾക്കൽ ഈ മാസം 23 ലേക്കു മാറ്റി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.എ.നജീബ് എന്നിവരാണ് അംഗങ്ങൾ. തികച്ചും ഭൂമിതർക്കം മാത്രമായാവും അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി തർക്ക കേസ് പരിഗണിക്കുകയെന്നു സുപ്രീംകോടതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളാണു സുപ്രീംകോടതി പരിഗണിച്ചത്.