തേനിയിലെ കാട്ടുതീ ദുരന്തം: ട്രെക്കിങ് ക്ലബ് ഉടമയ്ക്കായി ലുക്ക് ഔട്ട് നോട്ടിസ്

കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീ

ചെന്നൈ∙ പതിനാലു പേരുടെ മരണത്തിനിടയാക്കിയ തേനി കാട്ടുതീ ദുരന്തവുമായി ബന്ധപ്പെട്ട് ട്രെക്കിങ് ക്ലബ്ബ് ഉടമയ്ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ബെൽജിയം പൗരനായ പീറ്റർ വാൻഹേഗിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടിസ്.

ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ആസ്ഥാനമായ ക്ലബ്ബിനെതിരെ ദുരന്തം സംഭവിച്ചതിനു തൊട്ടുപിന്നാലെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. സംഘത്തെ നയിച്ച ഗൈഡിനു പുറമെ ക്ലബ്ബിന്റെ സ്ഥാപകനായ വിദേശിയെയും പിടികൂടാനുള്ള നടപടികളാണ് ആരംഭിച്ചത്. അതിന്റെ ഭാഗമായാണു ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. ട്രെക്കിങ് സംഘം മൂന്നാർ വഴി കൊളുക്കുമലയിൽ എത്തിയത് അന്വേഷിക്കണമെന്നും ആവശ്യമുയർന്നിരുന്നു.

മൂന്നു ദിവസത്തിലേറെയായി പ്രദേശത്തു കാട്ടുതീ പടരുന്ന വിവരം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. വേണ്ട ജാഗ്രത പുലർത്താതെ സംഘത്തെ വനത്തിൽ പ്രവേശിപ്പിച്ചതാണു ദുരന്തത്തിനു വഴിയൊരുക്കിയതെന്നും അന്വേഷണ സംഘം വിലയിരുത്തി. കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ 14 പേരാണ് ഇതുവരെ മരിച്ചത്.