വോട്ടിങ് യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലേ?: യോഗി ആദിത്യനാഥ്

ന്യൂഡൽഹി∙ ഗോരഖ്പുർ, ഫുൽപുർ ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു സംഭവിച്ച പരാജയം വലിയ പാഠമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പിഴവുകൾ തിരുത്തി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ പാർട്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഇരു മണ്ഡലങ്ങളിലെയും തോൽവി മുൻകൂട്ടി കാണാനായില്ലെന്നു പറഞ്ഞ ആദിത്യനാഥ്, അമിത ആത്മവിശ്വാസമാണ് തിരിച്ചടിക്കു കാരണമെന്നും തുറന്നു സമ്മതിച്ചു. ‘പാർട്ടി പ്രവർത്തകരോടു മുൻപു പറഞ്ഞ ഒരു കാര്യം ഓർമിക്കുന്നു. തിരഞ്ഞെടുപ്പുകൾ എപ്പോഴും തിരഞ്ഞെടുപ്പുകളാണ്. അവയെ തീരെ ചെറുതായി കാണരുത്. തിരഞ്ഞെടുപ്പുകൾ പരീക്ഷകൾ പോലെയാണ്. അമിത ആത്മവിശ്വാസം കാട്ടുന്നതിനു പകരം തയാറെടുപ്പുകൾ വിശദമായി പരിശോധിക്കുന്നതാണ് പ്രധാനം’ – ആദിത്യനാഥ് പറഞ്ഞു.

വിജയം ഉറപ്പാണെന്ന ധാരണയിൽ പാർട്ടി പ്രവർത്തകർ കാട്ടിയ അലംഭാവമാണ് തോൽവിയിലേക്കു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അനുഭാവികളായ വോട്ടർമാരും ഉദാസീനത കാട്ടി. അതാണ് പോളിങ് ശതമാനം തീർത്തും കുറയാൻ ഇടയാക്കിയത്. ഇതും തോൽവിയിലേക്കു നയിച്ചു– ആദിത്യനാഥ് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ ബിജെപി തകർപ്പൻ വിജയം നേടിയ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തെ കുറ്റം പറഞ്ഞ ബിഎസ്ബി, എസ്പി നേതാക്കളെ ആദിത്യനാഥ് പരിഹസിച്ചു. തോറ്റപ്പോൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി ആരോപിച്ചവർ ഇപ്പോൾ മിണ്ടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശിലെ രണ്ടും ബിഹാറിലെ ഒന്നും ലോക്സഭാ സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിപക്ഷ ഐക്യനിര തകർത്തെറിയുകയായിരുന്നു. ഉത്തർപ്രദേശിൽ ബഹുജൻ സമാജ്‍ പാർട്ടിയുടെ (ബിഎസ്പി) പിന്തുണയോടെ സമാജ്‍വാദി പാർട്ടിയും (എസ്പി) ബിഹാറിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) – കോൺഗ്രസ് സഖ്യവുമാണ് ജയിച്ചുകയറിയത്.

യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായപ്പോൾ ഒഴിഞ്ഞ ഗോരഖ്പുരിലെ പരാജയം ബിജെപിക്കു കനത്ത തിരിച്ചടിയായിരുന്നു. മൂന്നു പതിറ്റാണ്ടോളമായി ബിജെപി മാത്രം വിജയിച്ച മണ്ഡലമാണിത്. അഞ്ചുതവണ ജയിച്ച യോഗി ആദിത്യനാഥിന്റെ 2014ലെ ഭൂരിപക്ഷം 3.13 ലക്ഷം വോട്ടായിരുന്നു. ഭീമമായ ഈ ഭൂരിപക്ഷം മറികടന്നാണ് എസ്പിയുടെ പ്രവീൺകുമാർ നിഷാദ് ഇത്തവണ ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയുടെ മേൽ 21,881 വോട്ട് ഭൂരിപക്ഷം നേടിയത്. ആദിത്യനാഥ് നേരിട്ടായിരുന്നു ഇവിടെ ബിജെപി പ്രചാരണം നയിച്ചത്.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒഴിഞ്ഞ ഫുൽപുരാണു ബിജെപി പരാജയം രുചിച്ച രണ്ടാം മണ്ഡലം. ഇവിടെ എസ്പിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേൽ 59,613 വോട്ടുകൾക്കു ബിജെപിയുടെ കൗശലേന്ദ്ര പട്ടേലിനെ തോൽപിച്ചു. ജവാഹർലാൽ നെഹ്റുവിന്റെ മണ്ഡലമായിരുന്ന ഫുൽപുരിൽ മൂന്നു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണു 2014ൽ കേശവ് പ്രസാദ് മൗര്യ ജയിച്ചത്.