Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ ആണവായുധ നിർമാണം തുടർന്നാൽ അതേവഴി തേടും: സൗദി അറേബ്യ

Prince-Mohammed-bin-Salman മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ (ട്വിറ്റർ ചിത്രം)

റിയാദ്∙ ബദ്ധവൈരിയായ ഇറാൻ ആണവായുധം നിർമിച്ചാൽ ആണവായുധ നിർമാണത്തിനു മടിക്കില്ലെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യ. ആണവായുധം വേണമെന്ന് സൗദിക്ക് ആഗ്രഹമില്ലെങ്കിലും ഇറാൻ ആണവായുധം നിർമിച്ചാൽ മടിച്ചുനിൽക്കാതെ ആണവായുധം നിർമിക്കുമെന്നാണ് പ്രഖ്യാപനം. സിബിഎസ്സിനു നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂർണരൂപം ഞായറാഴ്ച സിബിഎസ് സംപ്രേഷണം ചെയ്യും.

ഈ മാസം 19 ന് യുഎസ് സന്ദർശിക്കാനിരിക്കെയാണ് രാജകുമാരന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. നിലവിൽ അദ്ദേഹം ബ്രിട്ടനിൽ സന്ദർശനം നടത്തിവരികയാണ്. ‘ഏതെങ്കിലും തരത്തിലുള്ള ആണവായുധം വേണമെന്ന് സൗദി അറേബ്യയ്ക്ക് ആഗ്രഹമില്ല. എന്നാൽ, ഇറാൻ ആണവായുധം നിർമിക്കുന്ന പക്ഷം യാതൊരു സംശയവും വേണ്ട, ആണവായുധ നിർമാണത്തിനു വേണ്ട നടപടികൾ സൗദിയും സ്വീകരിക്കും’ – അഭിമുഖത്തിൽ‌ രാജകുമാരൻ വ്യക്തമാക്കി.

ആണവ ബാലിസ്റ്റിക് മിസൈലുകളുടെ നിർമാണവുമായി മുന്നോട്ടുപോകുന്ന ഇറാനെ ശക്തമായ ഭാഷയിൽ വിമർശിച്ച് സൗദി, യുഎഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ അടുത്തിടെ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ ആണവായുധ നിർമാണവുമായി മുന്നോട്ടു പോയാൽ അതേവഴി തേടുമെന്ന സൗദിയുടെ മുന്നറിയിപ്പ്.

സൗദിയും ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം അടുത്തിടെയായി വളരെ മോശമാണ്. സിറിയ, യെമൻ എന്നിവിടങ്ങളിലെ ആഭ്യന്തര സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കും വിരുദ്ധ നിലപാടാണുള്ളത്. അതേസമയം, എല്ലാ ആണവ പദ്ധതികളും മരവിപ്പിക്കാമെന്നു വ്യക്തമാക്കി ഇറാനും യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളും തമ്മിൽ 2015 ൽ കരാർ ഒപ്പിട്ടിരുന്നു. ഇതിനുശേഷം ഇറാന്റെ ആണവ പ്രവർത്തനങ്ങൾ ഐക്യരാഷ്ട്ര സംഘടനയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

അതേസമയം, പെട്രോളിയം ഉൽപന്നങ്ങളിലെ അമിത ആശ്രയത്വം അവസാനിപ്പിക്കുന്നതിന് ആണവായുധ പദ്ധതികൾക്ക് പ്രാമുഖ്യം നൽകിവരികയാണ് സൗദി. ഇതിന്റെ ഭാഗമായി സമാധാന ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കാനുള്ള നയത്തിന് സൗദി മന്ത്രിസഭ അടുത്തിടെ അനുമതി നൽകിയിരുന്നു. സൗദിയിലെ ആദ്യ രണ്ട് ആണവ റിയാക്ടറുകൾ നിർമിക്കാനുള്ള കരാർ ലഭിക്കാൻ യുഎസ്, ദക്ഷിണ കൊറിയ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്.