നിയന്ത്രണങ്ങളിൽ ഇളവ്; കേരളത്തിൽ കൂടുതൽ ത്രീ സ്റ്റാർ ബാറുകൾ തുറക്കും

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ ദേശീയ, സംസ്ഥാന പാതകൾ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാൻ വഴിയൊരുങ്ങി. വിനോദ സഞ്ചാര മേഖലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളില്‍ പതിനായിരമെന്ന ജനസംഖ്യയ്ക്ക് ഇളവ് അനുവദിച്ചതോടെ ഇവിടങ്ങളിലും കൂടുതല്‍ ബാറുകള്‍ തുറക്കും.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാല പാടില്ലെന്ന വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ദേശീയ, സംസ്ഥാന പാതയോരത്തുള്ള നഗര സ്വഭാവമുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചത്.

മുനിസിപ്പല്‍ മേഖലകളിലുള്ള ബാറുകള്‍ക്കു നേരത്തെ ഇളവ് അനുവദിച്ചിരുന്നു. പുതിയ ഉത്തരവു പുറത്തുവന്നതോടെ സംസ്ഥാന, ദേശീയ പാതയോരങ്ങളിലുള്ള നഗരസ്വഭാവമുള്ള പഞ്ചായത്തുകളിൽ ത്രീ സ്റ്റാര്‍ സൗകര്യങ്ങളുള്ള ബാറുകള്‍ തുറക്കാം. പുതിയ ലൈസന്‍സിനും അപേക്ഷിക്കാം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമനുസരിച്ച് ത്രീ സ്റ്റാറിനും അതിനു മുകളിലുമുള്ള ബാറുകള്‍ക്കു മാത്രമേ സംസ്ഥാനത്തു പ്രവര്‍ത്തിക്കാന്‍ കഴിയൂ. സുപ്രീംകോടതിയുടെ ഉത്തരവോടെ പാതയോര മദ്യനിയന്ത്രണം ഫലത്തില്‍ ഇല്ലാതായി.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഇങ്ങനെ

നിലവിലുള്ള സെന്‍സസ് - പഞ്ചായത്ത് വകുപ്പ് േരഖകള്‍ അനുസൃതമായി പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര സ്വഭാവമുള്ളവയായി കണക്കാക്കും.

വിനോദ സഞ്ചാര മേഖലകളായി നികുതി വകുപ്പോ വിനോദ സഞ്ചാര വകുപ്പോ നിര്‍ണയിച്ചു പ്രഖ്യാപിച്ച സ്ഥലങ്ങളും അടിസ്ഥാന സൗകര്യവികസനങ്ങളുടെ കാര്യത്തില്‍ നഗരങ്ങള്‍ക്കു സമാനമായ സ്വഭാവ വിശേഷണങ്ങള്‍ ഉള്ള േമഖലകളായി കണക്കാക്കും.

പാതയോര മദ്യനിരോധനത്തിന്റെ നാള്‍ വഴി

∙ മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനാണ് പാതയോര മദ്യശാലകള്‍ക്കു സുപ്രീംകോടതി നിരോധനമേര്‍പ്പെടുത്തിയത്. ദേശീയ സംസ്ഥാന പാതയോരത്ത് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച് 2016 ഡിസംബറില്‍ വിധി പുറപ്പെടുവിച്ചു.

∙ ബാറുകള്‍ മാത്രമല്ല ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും നിരോധനമേര്‍പ്പെടുത്തികൊണ്ട് 2017 മാര്‍ച്ച് 31ന് പുതിയ വിധിവന്നു.

∙ നഗര മേഖലകളിലൂടെ കടന്നുപോകുന്ന റോഡുകളുടെ ഹൈവേ പദവി റദ്ദു ചെയ്ത ചില സംസ്ഥാനങ്ങളുടെ നടപടി ശരിവച്ചു. മുനിസിപ്പല്‍ മേഖലകള്‍ക്ക് ഇളവ് അനുവദിച്ചു.

∙ നഗര സ്വഭാവമുള്ള പഞ്ചായത്തുകള്‍ക്ക് ഇളവ് അനുവദിക്കാമെന്ന് സുപ്രീംകോടതി. ഫലത്തില്‍ പാതയോര മദ്യനിയന്ത്രണം ഇല്ലാതായി.