Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ ഇത്ര സുന്ദരിയെങ്കിൽ മകളോ?’; വിവാദ പരാമർശം പിൻവലിക്കാതെ സംഗ്ലിയാന

Sangliana-Rupa-Asha-Devi കർണാടക മുൻ ഡിജിപി എച്ച്.ടി. സംഗ്ലിയാന ബെംഗളൂരുവിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഡി. രൂപ ഐപിഎസ്, നിർഭയയുടെ അമ്മ ആശാ ദേവി എന്നിവർക്കൊപ്പം. (ട്വിറ്റർ ചിത്രം)

ബെംഗളൂരു∙ ഡൽഹിയിൽ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മ ആശാ ദേവിയെക്കുറിച്ച് ഒരു പൊതുചടങ്ങിൽ നടത്തിയ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ മറുപടിയുമായി കർണാടക മുൻ ഡിജിപി എച്ച്.ടി. സംഗ്ലിയാന രംഗത്ത്. ഒരു അനുമോദനമെന്ന നിലയിൽ താൻ പറഞ്ഞ വാക്കുകളാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് സംഗ്ലിയാന വ്യക്തമാക്കി. ഇതേക്കുറിച്ച് കാര്യമായ വിശദീകരണങ്ങൾക്കു താൽപര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. എനിക്കൊന്നും വിശദീകരിക്കാനില്ല. ഒന്നും പിന്‍വലിക്കാനുമില്ല. പറഞ്ഞതെല്ലാം പറഞ്ഞതു തന്നെയാണ് – സംഗ്ലിയാന വ്യക്തമാക്കി.

കർണാടക മുൻ ഡിജിപിയായ സംഗ്ലിയാന, പിന്നീട് ബിജെപിയിൽ ചേരുകയും ദക്ഷിണ ബെംഗളൂരുവിൽനിന്ന് ലോക്സഭയിലേക്കു മൽസരിച്ചു ജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ബിജെപിയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം നിലവിൽ കോൺഗ്രസ് സഹയാത്രികനാണ്.

മുൻ ഡിജിപിയെന്ന നിലയിൽ എന്റെ വാക്കുകൾ എല്ലാ പരിധികൾക്കും ഉള്ളിൽ നിന്നുകൊണ്ടുള്ളതായിരുന്നുവെന്നു തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്. അത് നല്ല അർഥത്തിൽ മാത്രം എടുക്കുക. സത്യത്തിൽ അവർക്കുള്ള ഒരു അനുമോദനമെന്ന നിലയിലാണ് ആ പരാമർശം നടത്തിയത്. അതിൽ തെറ്റായ ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. ആർക്കെങ്കിൽ അതു ശരിയായില്ലെന്നു തോന്നുന്നുണ്ടെങ്കിൽ അവരോടെനിക്ക് സഹതാപം തോന്നുന്നു. ചില മനുഷ്യർ എപ്പോഴും വലിയ വികാരജീവികളായിരിക്കും – സംഗ്ലിയാന പറഞ്ഞു.

ജീവനു ഭീഷണിയാണെന്നു കണ്ടാൽ മാനഭംഗത്തിനു വഴങ്ങിക്കൊടുക്കുന്നതാണ് നല്ലതെന്ന ‘ഉപദേശത്തെയും’ അദ്ദേഹം ന്യായീകരിച്ചു. പൊതുവിൽ സ്ത്രീകളുടെ സുരക്ഷ ഉദ്ദേശിച്ചു മാത്രമാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് സംഗ്ലിയാന വ്യക്തമാക്കി.

വനിതാ ദിനത്തോട് അനുബന്ധിച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ഡി. രൂപയ്ക്ക് അവാർഡ് സമ്മാനിക്കാനായി ബെംഗളൂരുവിൽ എത്തിയതായിരുന്നു നിർഭയയുടെ അമ്മ. അവാർഡ് ദാനത്തിനുശേഷം സംസാരിക്കവെയാണ് മുൻ ഡിജിപി വിവാദ പരാമർശങ്ങൾ നടത്തിയത്. 2012 ഡിസംബർ 16നാണ് ഡൽഹിയിൽ ഒാടുന്ന ബസിൽ നിർഭയ കൂട്ടമാനഭംഗത്തിനിരയായത്.

സംഗ്ലിയാനയുടെ വിവാദ പരാമർശമിങ്ങനെ:

‘ഞാന്‍ ഇപ്പോള്‍ നിര്‍ഭയയുടെ അമ്മയെ കണ്ടു. മികച്ച ശരീരപ്രകൃതമാണ് അവരുടേത്.  അതുകൊണ്ടുതന്നെ നിർഭയ എത്ര സുന്ദരിയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ’

പിന്നാലെ സ്ത്രീകൾക്കായി സംഗ്ലിയാന നൽകിയ ഉപദേശവും വിവാദമായി. അതിങ്ങനെ:

‘നിങ്ങൾക്കുനേരെ ആരെങ്കിലും ബലപ്രയോഗത്തിന് തുനിഞ്ഞാൽ, അവർ നിങ്ങളെ കീഴ്പ്പെടുത്തുെമന്ന് ഉറപ്പുണ്ടെങ്കിൽ വഴങ്ങി കൊടുക്കുകയാണ് ജീവൻ രക്ഷിക്കാൻ നല്ലത്’.