നഴ്‌സുമാരുടെ മിനിമം വേതനം: എതിർപ്പുമായി ആശുപത്രി ഉടമകൾ

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു മിനിമം വേതനം നടപ്പാക്കുന്നതിന്റെ ഭാഗമായി മിനിമം േവജസ് അഡ്വൈസറി ബോർഡ് അംഗങ്ങൾ സ്വകാര്യ ആശുപത്രി ഉടമകളുമായി ഹിയറിങ് നടത്തി. കൊച്ചിയിൽ നടന്ന ഹിയറിങ്ങിൽ കാസർകോഡ് മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലെ ഇരുനൂറിലധികം ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു. നിലവിലെ സാഹചര്യത്തിൽ സർക്കാർ തയാറാക്കിയ മിനിമം വേതനം അംഗീകരിക്കാൻ കഴിയില്ലെന്ന് ആശുപത്രി ഉടമകൾ വ്യക്തമാക്കി. 

തീരുമാനവുമായി സർക്കാർ മുന്നോട്ടു പോയാൽ കോടതിയെ സമീപിക്കുമെന്നും ഇവർ ഹിയറിങ്ങിൽ വ്യക്തമാക്കി. നഴ്സുമാരുടെ സംഘടനാ പ്രതിനിധികളുമായും കഴിഞ്ഞ ദിവസം അഡ്വൈസറി ബോർഡ് ഹിയറിങ് നടത്തിയിരുന്നു. തെക്കൻ ജില്ലകളിലെ ആശുപത്രി ഉടമകളുടെ ഹിയറിങ് ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. ഈ മാസം 19 ന് റിപ്പോർട്ട് സർക്കാരിന് കൈമാറും. 

അതിനിടെ, നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച സര്‍ക്കാര്‍ വിജ്ഞാപനം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനം ഈ മാസം 31ന് ഇറക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. ഇതിനെതിരെ ആശുപത്രി മാനേജ്മെന്റുകൾ നൽകിയ ഹര്‍ജിയിലാണ് സ്റ്റേ ഉത്തരവ്.