കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തുന്നത് മന്ത് വലതു കാലിലേക്ക് മാറ്റുന്നപോലെ: ബാലകൃഷ്ണപിള്ള

കൊല്ലം∙ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ എതിര്‍ത്തു മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രിയുടെ നിര്‍ദേശം നാലു വര്‍ഷം കഴിഞ്ഞു വരുന്ന സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് ആര്‍.ബാലകൃഷ്ണപിള്ള മനോരമ ന്യൂസിനോട് പറഞ്ഞു. ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നതിന് സമാനമാണ് നിര്‍ദേശം. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ പെന്‍ഷന്‍ പറ്റുമ്പോള്‍ പുതിയ ആളുകളെ നിയമിക്കുന്നതാണ് സര്‍ക്കാരിനു നല്ലത്. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ കെഎസ്ഇബി ഉള്‍പ്പടെയുള്ള മറ്റു കോര്‍പ്പറേഷനുകളിലും കൂട്ടേണ്ടി വരുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മുഖ്യമന്ത്രിയുട നിര്‍ദേശം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ബാലകൃഷ്ണപിള്ളയുടെ പരസ്യ പ്രതികരണം.