ചാലക്കുടിയിലെ കാട്ടുതീ നമ്മെ വിഴുങ്ങിയില്ല, തേനി ആവർത്തിച്ചുമില്ല; ഇവർക്കു നന്ദി!

കനലൊരു തരിമതി, കത്തിപ്പടരാൻ. സ്നേഹവും അതുപോലെയാണ്. കാടിനോടിഷ്ടം മൂത്ത കുറെയേറെ ചെറുപ്പക്കാർ. പ്രശസ്തിയുടെ വെള്ളിവെളിച്ചങ്ങളിൽ നിന്നകന്നു നിൽകുന്ന പരിസ്ഥിതി സ്നേഹികൾ. കാട് കത്തിയെന്നു കേട്ടപ്പോൾ വേദനിച്ചത് ഇവരുടെ മനസ്. പല നാട്ടിൽനിന്നായി ഇവരോടിയെത്തി, ഒരു ഫെയ്സ്ബുക്/വാട്സാപ് സന്ദേശത്തിന്റെ മാത്രം ഉറപ്പിൽ. ഇത്രയധികം യുവാക്കളും പരിസ്ഥിതി കൂട്ടായ്മകളും ഒത്തൊരുമയോടെനിന്നു കാട്ടുതീ അണച്ച കേരളത്തിലെ ആദ്യസംഭവത്തിനാണു ചാലക്കുടി സാക്ഷ്യംവഹിച്ചത്.

തൃശൂർ ജില്ലയിൽ വാഴച്ചാൽ, പരിയാരം റേഞ്ചുകളിലായി 50 ഹെക്ടർ വനസമ്പത്താണു കത്തിനശിച്ചത്. പരിയാരം റേഞ്ചിലെ പിള്ളപ്പാറ വനമേഖലയിൽ മാത്രം വന്മരങ്ങൾ അടക്കം 20 ഹെക്ടർ വനം എരിഞ്ഞമർന്നു. വാഴച്ചാൽ ഡിവിഷനിലെ അതിരപ്പിള്ളി വടാമുറി വനത്തിൽ 30 ഹെക്ടർ വനസമ്പത്തു കത്തിയമർന്നു. തീപടർന്ന മേഖലകളിൽ നിന്ന് ആനയടക്കമുള്ള വലിയ ജീവികൾ മറ്റു വനമേഖലകളിലേക്കു പലായനം ചെയ്തു. ചെറുജീവികളും പക്ഷികളും തീയിലകപ്പെട്ടു. കൊന്നക്കുഴി വനത്തിൽ കൊടക്കല്ല് മേഖലയിലുണ്ടായ തീപ്പിടിത്തവും എട്ടുമണിക്കൂർ നീണ്ടു.

പിള്ളപ്പാറയിൽ ജനവാസ മേലയ്ക്കടുത്തു നിന്നുപടർന്ന തീ മൂന്നു കിലോമീറ്റർ ദൂരെ ഉൾവനത്തിൽ ലാടംകണ്ട വയൽ ഭാഗത്താണു നിയന്ത്രണ വിധേയമാക്കിയത്. മലയുടെ രണ്ടുവശങ്ങളിലൂടെ രണ്ടു ഗ്രൂപ്പുകളായി പരിശ്രമിച്ചാണ‌ു തീയണച്ചത്. മുളങ്കൂട്ടത്തിലും വൻവൃക്ഷങ്ങളിലും തീപടർന്നതാണു രക്ഷാദൗത്യം ശ്രമകരമാക്കിയത്. കാടൊടുങ്ങേണ്ട കാട്ടുതീയെ 50 ഹെക്ടറിലെ നാശത്തിലേക്കു ‘ചെറുതാക്കിയത്’ ധീരരായ ചെറുപ്പക്കാരുടെ പ്രയത്നമാണ്.

നമ്മൾ അറിയേണ്ട ആ കഥയിലേക്ക്..

‘ഒരു മരമെങ്കിലും കുഞ്ഞുകിളിക്കൂടെങ്കിലും കത്തിച്ചാമ്പലാവാതെ സംരക്ഷിക്കാൻ സാധിച്ചാൽ, അത് നാം നമുക്കുവേണ്ടിയും പുതുതലമുറയ്ക്കു വേണ്ടിയും ചെയ്യാൻ കഴിയുന്ന മഹത്തായ കാര്യമായിരിക്കും. ഈ അവസരത്തിൽ കാട്ടുതീ അണയ്ക്കാൻ ഫോറസ്റ്റ് ഡിപ്പാർട്മെന്റിനൊപ്പം നിർദേശങ്ങൾ പാലിച്ചുകൊണ്ടു നമുക്കൊരുമിച്ചു കൈ കോർക്കാം’. ഒരു വൈകുന്നേരം സമൂഹമാധ്യമത്തിൽ ഇങ്ങനെയൊരു സന്ദേശം പ്രത്യക്ഷപ്പെട്ടു.

‘അതിരപ്പിള്ളി ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള വാടാമുറി വനപ്രദേശത്തു കാട്ടുതീ പടരുന്നു. ഞങ്ങൾ കുറച്ചുപേർ അങ്ങോട്ടു തിരിക്കുകയാണ്. സഹായിക്കാൻ താത്പര്യമുള്ളവർ അതിരപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസ് (അയ്യമ്പുഴ) എത്തിച്ചേരുക’. തൊട്ടുപിന്നാലെയെത്തി അടുത്ത  സ്റ്റാറ്റസ്. ലൈക്ക് വേണ്ട, ഷെയർ മതി, സുഹൃത്തുക്കളോടൊപ്പം എത്തിയാൽ മതിയെന്ന മുഖവുരയോടെ അടുത്ത സ്റ്റാറ്റസും ഉടനെത്തി.

‘സുഹൃത്തുക്കളെ, അതിരപ്പിള്ളി വനമേഖലയിൽ വലിയ രീതിയിൽ കാട്ടുതീയാണ്. നാം വിചാരിച്ചാൽ കുറച്ച് (ഒരു മരം എങ്കിലും) രക്ഷിക്കാൻ പറ്റും. അതിനു തയാറായി വരുന്നവർ രാവിലെ അരൂർമുഴി സ്റ്റേഷനിൽ പരമാവധി നേരത്തേ വന്നുചേരുക. യാത്രയെ സ്നേഹിക്കുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവരെയും കൈകൂപ്പി ക്ഷണിക്കുന്നു. വെള്ളവും ഭക്ഷണവും കിട്ടും. എങ്കിലും ബാഗിലും വണ്ടിയിലും കുറച്ചു വെള്ളം കരുതുക. വെള്ളം എടുക്കാവുന്ന ക്യാനുകൾ/കന്നാസുകൾ, മൂർച്ചയുള്ള വെട്ടുകത്തികൾ, ഷൂ/കാലുറ/കയ്യുറ/തീപ്പൊള്ളലേറ്റാൽ പുരട്ടുന്ന ലേപനങ്ങൾ എന്നിവയും കരുതുക’.

കാട്ടുതീയുടെ വേഗതയിലാണു സന്ദേശങ്ങൾ പറന്നത്. രാത്രിക്കുരാത്രി, ഹൃദയത്തിൽ പച്ചിലക്കാടുള്ള കുറെ ചെറുപ്പക്കാർ വീട്ടിൽനിന്നിറങ്ങി. കണ്ണൂർ മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലെ ന്യൂജൻ പിള്ളേർ ബൈക്കിലും ബസിലും മറ്റുമായി അതിരപ്പിള്ളിയിലേക്ക്. സെൽഫിസ്റ്റിക്കും ക്യാമറയും എടുക്കാതെയുള്ള പാച്ചിൽ. തീയാളിക്കത്തുന്ന കാട്ടിലെന്തിനാണു ക്യാമറ? മടി പിടിച്ച, ഉറക്കം ബാധിച്ച തലമുറയെന്നു ചീത്തപ്പേരുള്ള ചെറുപ്പക്കാർ. യാതൊരു ‘ഫലേച്ഛയുമില്ലാത്ത’ കാട്ടിലേക്കു അവർ പറന്നെത്തി.

കാടിനു തീ പിടിക്കുമ്പോൾ

അടിക്കാടാണു കാടിന്റെ ജീവൻ. ചെറുചെടികളും പ്രാണികളും ജീവികളുമുള്ള കാടിന്റെ മടിത്തട്ട്. വേനലി‍ൽ ഉണങ്ങിക്കരിഞ്ഞാലും കാടിന്റെ പുതപ്പായി, ചൂടിൽനിന്നു മണ്ണിനെ ഉർവരമാക്കുന്ന ആവരണം. ചെറിയൊരു തീപ്പൊരി മതി, ഈ പുതപ്പ് ആളിക്കത്താൻ. കാടിനു തീ പിടിച്ചാൽ പച്ചമണ്ണ് ചുട്ടുപഴുക്കും. കാട്ടിലെ പച്ചപ്പും ജീവനും വെന്തുരുകും. കാടിനു മാത്രമല്ല, നാടിനുമുണ്ട് ദോഷമേറെ.

പുല്ലും മരവേരുകളും കരിയുന്നതോടെ മണ്ണിന്റെ ‘പിടിത്തം’ അയയും. മഴ പെയ്യുമ്പോൾ‌ മണ്ണ് കുത്തിയൊലിച്ച് താഴേക്ക്. മഴവെള്ളം ശേഖരിക്കാനുള്ള കാടിന്റെ ശേഷി കുറയും. പാറകളിലെ ഉറവ കിനിയൽ ഇല്ലാതാകും. അരുവികൾ വറ്റും, നാട്ടിലും വെള്ളം കുറയും. വനമൃഗങ്ങൾ കാടിറങ്ങും... കാടുണ്ടെങ്കിലേ നാടുള്ളൂ, മനുഷ്യനുള്ളൂ. ചാലക്കുടിയിൽ തനിയെ പടർന്നതോ ആരോ പടർത്തിയതോ ആയ കാട്ടുതീയിൽ 50 ഹെക്ടറോളം കാടാണു കത്തിനശിച്ചത്. ഇവിടെയുള്ള സസ്യജന്തുജാലം വെണ്ണീറായി.

ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള വനപരിധിയിൽ പലയിടത്തായാണു തീ പടർന്നത്. കാറ്റു വീശുമ്പോൾ തീ നിയന്ത്രണാതീതമാകും. തേനി കുരങ്ങിണിയിലെ കാട്ടുതീ ദുരന്തത്തിൽ 11 പേർ മരിച്ചതോടെ അധികൃതർ കൂടുതൽ ജാഗരൂകരായിരുന്നു. അഞ്ചു ദിവസത്തോളം നെഞ്ചിൽ തീയാളിച്ച അഗ്നിബാധ, വ്യാഴാഴ്ച വൈകിട്ടു പെയ്ത കനത്ത മഴയിലാണു കെട്ടടങ്ങിയത്. ചാലക്കുടി വനമേഖലയിലെ പിള്ളപ്പാറയിലെയും അതിരപ്പിള്ളി വടാമുറിയിലെയും കാട്ടുതീ, വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും ഉൾപ്പെട്ട ഇരുന്നൂറോളം പേരാണു അണച്ചത്. ‘കൈപ്പിടിയിൽ ഒതുങ്ങാത്തവിധം’ പിന്നെയും തീ പടർന്നപ്പോൾ, പ്രകൃതി മഴയായി പെയ്തിറങ്ങി അഗ്നിയെ വിഴുങ്ങി.

കൊന്നക്കുഴിക്കും ചായ്പ്പന്‍കുഴിക്കും ഇടയ്ക്കുള്ള കൊടപ്പന്‍കല്ലിൽ, ഇതിനു പിന്നാലെ പിള്ളപ്പാറയിലും വടാമുറിയിലും, പിന്നെ കേണൽകുന്നിനു മുകളിൽ, വാഴച്ചാലില്‍ പുഴയ്ക്ക് അക്കരെ വടപ്പാറ മേഖലയില്‍.. ഒരു തലയ്ക്കുനിന്നു സാഹസപ്പെട്ടു കെടുത്തി വരുമ്പോൾ മറുവശത്ത് വീണ്ടും തീ പ്രത്യക്ഷപ്പെട്ടു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ, ആത്മാർഥതയും ധൈര്യവും മാത്രം കൈമുതലാക്കി പച്ചിലക്കൊമ്പുകളുമായി നൂറോളം ചെറുപ്പക്കാർ തീ ‘തല്ലിക്കെടുത്തി’ കൊണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കു ധൈര്യം കൊടുത്ത് മുന്നിൽനടന്നു.

ചൂട് പൊള്ളിച്ചു, മുള്ള് മുറിവുണ്ടാക്കി

തിങ്കളാഴ്ച ഉച്ചയോടെയാണു കാട്ടുതീയുടെ വിവരം ബികെവി ക്ലബിന്റെ ഫെയ്സ്ബുക്കില്‍ വന്നത്. അതിരപ്പിള്ളി സ്വദേശി ബൈജു വാസുദേവിന്റെതായിരുന്നു സന്ദേശം. ഒട്ടേറെപ്പേർക്കു കാട്ടറിവിന്റെ ‘ആശാനാണ്’ ബൈജു. പല ജില്ലകളിലെ കാടുസ്നേഹികൾ രാത്രിയിൽതന്നെ അതിരപ്പിള്ളിയിലെത്തി. വന്നവരെ നാലു ഗ്രൂപ്പാക്കി തിരിച്ചു. കാടുകയറ്റം പരിചയമുള്ള ശാരീരിക ശേഷിയുള്ളവർ– തീ കെടുത്താൻ, വെള്ളവും ആഹാരവും വിതരണം ചെയ്യുന്നവർ, ബേസ് ക്യാംപിൽ മടങ്ങിയെത്തുന്നവരെ സഹായിക്കുന്നവർ, റിസർവ് ടീം എന്നിങ്ങനെ നാലു സംഘങ്ങൾ. 

കാലത്ത് ആറു മണിക്ക് 20 പേരുടെ ആദ്യസംഘം കാടു കയറി. തൊട്ടു പിന്നാലെ അടുത്ത സംഘങ്ങൾ. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചായിരുന്നു രക്ഷാപ്രവർത്തനം. വകുപ്പിന്റെ കയ്യിലോ ചെറുപ്പക്കാരുടെ പക്കലോ തീ അണയ്ക്കാൻ യാതൊന്നുമുണ്ടായിരുന്നില്ല. പച്ചിലക്കൊമ്പുകൾ വെട്ടി തീ അടിച്ചുകെടുത്തലായിരുന്നു ഏക മാർഗം. ഏറെ നേരത്തിനു ശേഷമെത്തിയ അഗ്നിശമനസേനയുടെ കൈവശവും ആവശ്യത്തിനുള്ള സാമഗ്രികളില്ലായിരുന്നു. പുല്ലുംമണ്ണും ചെത്തിമാറ്റി ‘ഫയർവാൾ’ ഉണ്ടാക്കിയാണു പലയിടത്തും തീ പടരുന്നത് ഒഴിവാക്കിയത്.

പിള്ളപ്പാറയിലെത്തിയ പ്രകൃതിസ്നേഹികള്‍ വളരെയധികം ആത്മാര്‍ത്ഥത കാണിച്ചെന്നു വനംവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു. കാലത്തു തുടങ്ങിയ യജ്ഞം വൈകിട്ട് അഞ്ചോടെ അവസാനിപ്പിച്ചു സംഘം താഴേക്ക്. പുഴയിൽ കുളിച്ചു നാട്ടിലേക്കു മടങ്ങാനൊരുങ്ങിയപ്പോഴാണ് രാത്രി എട്ട് മണിയോടെ കേണല്‍കുന്നിന് മുകളില്‍ തീ ആളിപടർന്നത്. യാത്ര ഉപേക്ഷിച്ച് അവർ വീണ്ടും മല കയറി. മൊബൈൽ ഫോൺ ടോർച്ചും ചൈനീസ് ഹെഡ്‍ലാംപുമായിരുന്നു വഴിവെളിച്ചം. കാറ്റു വീശുന്നതിനാൽ രാവിലെ വരെ കാത്തിരിക്കാനാവില്ലായിരുന്നു. രാത്രിയിൽ മുളങ്കൂട്ടങ്ങൾക്കിടയിലൂടെ, ഇല്ലാത്ത വഴിയിലൂടെ വരിഞ്ഞുകയറി അവർ തീ കെടുത്താനാരംഭിച്ചു.

ചുട്ടുപഴുത്ത പാറക്കെട്ടിൽ തെന്നിവീണും മുള്ളുകളുരഞ്ഞും തീപ്പൊള്ളലേറ്റും എല്ലാവർക്കും പരുക്കേറ്റു. പൊള്ളിയ കാലുകളും ഉരുകിയൊലിച്ച യൂണിഫോമുമായി പി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ഫോറസ്റ്റര്‍മാര്‍ സഹനത്തിന്റെ ആൾരൂപങ്ങളായി. രണ്ടുമൂന്നു ദിവസം രക്ഷാപ്രവർത്തനം തുടർന്നു. കുളിയും ഷേവിങ്ങും ചെയ്യാതെ പലരിലും മുടി ചപ്രത്തലയായി, കുറ്റിത്താടി മുളച്ചു. ഭക്ഷണവും വെള്ളവുമായി ചില ഹോട്ടൽ, റിസോർട്ടുകാരും കുറച്ചു നാട്ടുകാരും ഒപ്പം നിന്നതാണ് ഇവർക്കു തണലായത്.

ഒരിക്കലും മറക്കരുത് ഇവരെ

ആളെകൂട്ടാൻ സോഷ്യൽ മീഡിയയെ കൂട്ടുപിടിക്കാം എന്ന ആശയം ആദ്യം പങ്കുവച്ചതും വിവരമറിഞ്ഞ രാത്രിക്കുരാത്രി സംഭവസ്ഥലത്തേക്കാദ്യം  ഓടിയെത്തിയതും തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ‘എൻസൈക്ലോപീഡിയ’ സുധീഷ് തട്ടേക്കാടാണ്. സ്വാധീനക്കുറവുള്ള ഒരു കയ്യിന്റെ ശക്തി കൂടി മറ്റേ കയ്യിലേക്ക് ആവാഹിച്ചു തീനാമ്പുകളെ തല്ലിക്കെടുത്തി തട്ടേക്കാട് സനു അദ്ഭുതമായി.

കാട് വിളിക്കുന്നൂ...എന്ന് ആദ്യം ഫെയ്സ്ബുക് പോസ്റ്റിട്ട ‘ആശാൻ’ ബൈജു കെ.വാസുദേവൻ, ശിഷ്യൻ വിഷ്ണു പീടക്കേരി, ഐ4ഇന്ത്യ ഗ്രീൻ ആർമി വളണ്ടിയർമാർ, പാലക്കാടു നിന്നെത്തിയ ഗ്രീൻ കാപേർസ്, കൂട് നാച്വർ സൊസൈറ്റി, ലൈറ്റ് മാജിക് സ്കൂൾ ഓഫ് ഫൊട്ടൊഗ്രഫിയിലെ വിദ്യാർഥികൾ, കണ്ണൂരിൽനിന്നു കൂട്ടുകാരുമായി വണ്ടിയോടിച്ചെത്തിയ മൃണാൾ രാജ്, ബികെവി നേച്വർക്ലബ്ബ് അംഗങ്ങളെ നയിച്ച മനൂപ് ചന്ദ്രൻ, റോമി മൈക്കൽ, എല്ലാവർക്കും വെള്ളവും ഭക്ഷണവും ഒരുക്കിയ റെയിൻ ഫോറസ്റ്റ്, ബഥാനിയ റിസോട്ട് ഉടമകൾ, സ്വന്തം കോമ്പൗണ്ടും കെട്ടിടങ്ങളും 24 മണിക്കൂറും സന്നദ്ധ സേവകർക്കായി തുറന്നിട്ട കുന്നിൻനെറുകയിലെ ചലഞ്ചർ ക്ലബ് ആൻഡ് അഡ്വഞ്ചർ പാർക്ക്, വന സംരക്ഷണ സമിതി (വിഎസ്എസ്) അംഗങ്ങളായ സ്ത്രീകൾ.. അങ്ങനെ നിരവധി പേർ.

പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്, ഉറക്കമുപേക്ഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടെയുണ്ടായിരുന്നു. ചാലക്കുടി ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ആർ.കീർത്തി, പരിയാരം റേഞ്ച് ഓഫിസർ ജി.അശോക് രാജ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ടി.ബി.രാമനാരായണൻ, എൻ.എൻ.സതീശൻ, പി.രവീന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, വിഎസ്എസ് വാച്ചർമാർ തുടങ്ങി നൂറോളം ഡിപ്പാർട്ട് സ്റ്റാഫ് അണിനിരന്നു.

പ്രകൃതിദത്തമല്ല ഈ തീ ..

തീ കെടുത്തിക്കഴിഞ്ഞ സന്തോഷത്തിൽ ഐ4ഇന്ത്യ ഗ്രീൻ ആർമി ഫൗണ്ടറും സംസ്ഥാന കോർഡിനേറ്ററുമായ ജമാൽ പനമ്പാട് ഫെയ്സ്ബുക്കിൽ നീണ്ട കുറിപ്പിട്ടു. ഈ തീ കേവലം യാദൃച്ഛികമോ പ്രകൃതിദത്തമോ ആയിരുന്നില്ലെന്നു ജമാൽ ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്തമായ നാലു മലകളിൽ, എത്തിപ്പെടാൻ ഏറ്റവും ദുർഘടമായ ഭാഗത്തു തീ പിടിച്ചതിൽ ദുരൂഹതയുണ്ട്. രക്ഷാദൗത്യത്തിന്റെ സകല തീക്ഷ്ണതകളും അറിഞ്ഞവരിലൊരാളുടെ അനുഭവക്കുറിപ്പാണിത്.

ജമാലിന്റെ കുറിപ്പിൽ‌നിന്ന്: രാപകലുകൾ നീണ്ട അഗ്നിപരീക്ഷക്കൊടുവിൽ അതിരപ്പിള്ളിയോടു തത്കാലം വിട. ഇനിയൊരിക്കലും ഇതുപോലൊരു വരവ് വരാൻ ഇടവരാതിരിക്കട്ടെ. അതിരപ്പിള്ളിയിലേക്കു മാത്രമല്ല, ഒരിടത്തേയ്ക്കും. കേവലം ഒരു ഫെയ്സ്ബുക് പോസ്റ്റിനു മറുപടിയായി, കാടിന്റെ വിളികേട്ടു മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച്, കാട്ടുതീയോടു മല്ലിടാൻ അതിരപ്പിള്ളിയിലേക്കെത്തിയ നൂറോളം വരുന്ന ഹരിതഹൃദയരായ സന്നദ്ധ സേവകരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വിഎസ്എസ് അംഗങ്ങളുടെയും വിശ്രമമില്ലാത്ത രാപകലുകൾ നീണ്ട നിശ്ചയദാർഢ്യത്തിനു മുന്നിൽ തത്കാലം അഗ്നിനാമ്പുകൾ കീഴടങ്ങിയിരിക്കുന്നു..

ഈ തീ കേവലം യാദൃച്ഛികമോ പ്രകൃതിദത്തമോ ആയിരുന്നില്ല എന്നതു പ്രഥമ ദൃഷ്ടിയാൽ വ്യക്തമാണ്. വ്യത്യസ്തമായ നാലു മലകളിൽ, എത്തിപ്പെടാൻ ഏറ്റവും ദുർഘടമായ ഭാഗത്ത്, ഒന്നിനുപിറകെ ഒന്നായി നിങ്ങൾ തീ കൊടുക്കുമ്പോൾ, കേവലം താത്കാലികമായി നിങ്ങൾ നേടി എന്ന് തെറ്റിദ്ധരിക്കുന്ന എന്തോ ഒന്നുണ്ടല്ലൊ, കാടുമുടിച്ചു നേടാം എന്നു നിങ്ങൾ കൊതിച്ചതൊന്നും ഉയോഗപ്പെടാത്ത ഒരുകാലം, നിങ്ങൾ നേടി എന്ന് അഹങ്കരിച്ചതെല്ലാം നിങ്ങളെയും തലമുറകളെയും തിരിഞ്ഞുകൊത്തുന്നൊരുകാലം ഒട്ടും വിദൂരമല്ലെന്നു മാത്രം ആവർത്തിച്ച് ഓർമപ്പെടുത്തുന്നു..

നിങ്ങൾ കൊളുത്തിയ ചെറിയൊരു തീനാമ്പ്, നിങ്ങളുടെ നാടിനെതന്നെ ചുട്ടെരിക്കൊന്നൊരു മഹാവിപത്തായി മാറാതിരുന്നത്, പ്രത്യേകിച്ചൊരു ലാഭേച്ഛയുമില്ലാതെ, ദൂരെ ദേശങ്ങളിൽനിന്ന് ഓടിയെത്തിയെത്തിയ ഒരുപറ്റം ആളുകളുടെയും ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടൽകൊണ്ടാണ്. അല്ലായിരുന്നെങ്കിൽ നിങ്ങളുടെ വീടുംകുടുംബവും വരെ നക്കിതുടയ്ക്കുന്നൊരു വൻ ദുരന്തമായതു മാറിയേനെ..

പ്രമുഖരാരും വന്നില്ല, രാഷ്ട്രീയക്കാരും

പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയക്കാരും ഒട്ടേറെയുള്ള കേരളത്തിൽ, തീ അണയ്ക്കാൻ രണ്ടുകൂട്ടരും എത്തിയില്ലെന്ന കാര്യവും യുവാക്കൾ പങ്കുവച്ചു. ഫോട്ടോയ്ക്കോ വാർത്തയ്ക്കോ സാധ്യതയില്ലാത്തതിനാൽ രണ്ടുകൂട്ടരും ഒഴിവായി. വന്നവരാകട്ടെ, ചില ടിവി ചാനലിനു വേണ്ടി പോസ് ചെയ്തു മടങ്ങി. ഫോട്ടോയെടുക്കാൻ കൂട്ടത്തോടെ കാടുകയറുന്ന വൈൽഡ്‍ലൈഫ് ഫൊട്ടോഗ്രഫർമാരുടെ എണ്ണവും ഈ ദിവസങ്ങളിൽ കുറവായിരുന്നു.

നാട്ടുകാരും കാട്ടുതീ വലിയ ഗൗരവത്തിലെടുത്തില്ലെന്ന പരാതിയുണ്ട് ചെറുപ്പക്കാർക്ക്. രാഷ്ട്രീയക്കാർ പരിസ്ഥിതിക്കാര്യത്തിൽ കൂടുതൽ ആത്മാർഥത കാണിക്കണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. സർക്കാർ കൃത്യമായ പരിശീലനം നൽകി സന്നദ്ധ സേവകരുടെ സംഘത്തെ ഒരുക്കി നിർത്തണമെന്ന ആവശ്യവും കൂട്ടായ്മകൾ മുന്നോട്ടുവയ്ക്കുന്നു. കാടറിയാത്തവർ കൂട്ടത്തോടെ വരുന്നത് ചിലപ്പോൾ മറ്റൊരു ദുരന്തമായി മാറിയേക്കാം. ഇതൊഴിവാക്കാൻ പരിശീലനം കിട്ടിയ സന്നദ്ധസേനകൾ ആവശ്യമാണ്.

ആണ്ടുതോറും ജൂൺ അഞ്ചിനു കൊണ്ടാടുന്നൊരു ഉത്സവമുണ്ട്, പരിസ്ഥിതിദിനം. നാടൊട്ടുക്കു തൈ നടലാണു പ്രധാനം. ഒരു കോടി തൈകളാണ് ഓരോ വർഷവും സൗജന്യനിരക്കിൽ സർക്കാർ നൽകുന്നത്. രാഷ്ട്രീയക്കാരും സംഘടനകളും നടുന്നതെല്ലാം നശിക്കും. കുട്ടികൾ നടുന്നതിൽ ചിലതു വളർന്നാലായി. ആറേഴു മാസം ഒരുപാടു പേരുടെ അധ്വാനം കൊണ്ടാണ് ഒരു കോടി ചെടികൾ ഉത്പാദിപ്പിക്കുന്നത്. ചെലവു കണക്കാക്കിയാൽ ഒരെണ്ണത്തിനു കുറഞ്ഞത് 30 രൂപയാകും. ആകെ 30 കോടി രൂപ ! ഇത്രയും ചെടി ഒരു രൂപയുടെ ചെലവില്ലാതെ കാട് സ്വയമുണ്ടാക്കും, അതിനെ നോവിക്കാതിരിക്കണമെന്നു മാത്രം. അതെ, മനുഷ്യൻ പിറന്ന കാട് നമ്മളോടു കൈകൂപ്പുകയാണ്..!!

The woods are lovely, dark and deep,
But I have promises to keep, 
And miles to go before I sleep,
And miles to go before I sleep  – Robert Frost