മൻമോഹൻ സിങ്ങിനെതിരായ പഴയ പരാമർശങ്ങൾ: മാപ്പു പറഞ്ഞ് സിദ്ദു

നവ്ജോത് സിങ് സിദ്ദു

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെക്കുറിച്ചു മുൻപു നടത്തിയ പരാമർശങ്ങളിൽ ക്ഷമാപണവുമായി കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു. മൻമോഹൻ സിങ് ഒരേസമയം സർദാറും ‘അസർദാറും’ (കാര്യക്ഷമതയുള്ളയാൾ) ആണെന്നും അദ്ദേഹം പറഞ്ഞു. മുൻപു അദ്ദേഹത്തിനെതിരെ നടത്തിയിട്ടുള്ള എല്ലാ പരാമർശങ്ങളും പിൻവലിച്ചു മാപ്പു പറയുന്നു. മൻമോഹന്റെ നിശബ്ദതയാണ് പല കാര്യങ്ങളും നടത്തിയിട്ടുള്ളത്, ബിജെപിയുടെ ബഹളമല്ല, എഐസിസി പ്രീനറി യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘10 വർഷങ്ങൾക്കുശേഷമാണ് യുപിഎയുടെ നേട്ടങ്ങളെക്കുറിച്ചു എനിക്കു വ്യക്തമായത്. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ല. താങ്കൾക്കു ജ്യോതിഷിയാകാം. ജിഡിപിയിൽ രണ്ടു ശതമാനം ഇടിവുണ്ടാകുമെന്ന് അങ്ങു പറ‍ഞ്ഞു. അതു സംഭവിച്ചു. താങ്കളുടെ സമയത്തു സമ്പദ്‌വ്യവസ്ഥ കുതിക്കുകയായിരുന്നു, അറബിക്കുതിരയെപ്പോലെ. ഇപ്പോൾ ജിഡിപിയുടെ കുതിപ്പ് ആമയുടെ താളത്തിലാണ്.

അറബിക്കുതിര ചിലപ്പോൾ പ്രായമേറിയവയായിരിക്കാം, ക്ഷീണിതനായിരിക്കാം. എന്നാൽ ഒരു കൂട്ടം കഴുതകളെ വച്ചുനോക്കുമ്പോൾ കുതിര മെച്ചമാണ്, ബിജെപി നേതാക്കൾ ഇതു മനസ്സിലാക്കണം. മൻമോഹൻ സിങ് ജി, താങ്കൾക്കു മുന്നിൽ കുനിയുമ്പോൾ ഗംഗയിൽ മുങ്ങിനിവരുന്നതുപോലെയാണു തോന്നുന്നത്’ – സിദ്ദു പറഞ്ഞു.

ബിജെപി എംപിയായിരിക്കെ മൻമോഹൻ സിങ്ങിനെ ‘പപ്പു പ്രധാനമന്ത്രി’ എന്നാണു സിദ്ദു വിശേഷിപ്പിച്ചത്. അദ്ദേഹം ഒരു സർദാർ ആയിരിക്കാമെന്നും എന്നാൽ അസർദാർ അല്ലെന്നുമാണ് സിദ്ദു അന്നു പറഞ്ഞത്.