Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപുമായുള്ള കിമ്മിന്റെ ചർച്ചയ്ക്ക് ആദ്യപടി; ഉത്തര കൊറിയൻ പ്രതിനിധി ഫിൻലൻഡിലേക്ക്

 Donald Trump-Kim Jong Un

സോൾ∙ കൊറിയൻ ഉപഭൂഖണ്ഡത്തിലെ മഞ്ഞുരുകലിന്റെ അടുത്തപടിയായി വടക്കേ അമേരിക്കൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉത്തര കൊറിയയുടെ മുതിർന്ന നയതന്ത്രജ്ഞൻ ഫിൻലൻ‍ഡിലേക്കു തിരിച്ചു. യുഎസും ദക്ഷിണ കൊറിയയുമായുള്ള ചർച്ചകൾക്കായാണു നയതന്ത്രജ്ഞനായ ചോയ് കാങ് ഇൽ ഫിൻലൻഡിലെത്തുന്നത്. ചർച്ചകൾ വിജയിച്ചാൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങും.

ഉത്തര കൊറിയൻ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി ചോയുടെ ഫിൻലൻഡ് യാത്ര സ്ഥിരീകരിച്ചിട്ടുണ്ട്. ഫിൻലൻഡിലേക്കുള്ള വിമാനയാത്രയ്ക്കായി ചോയെയും സംഘത്തെയും ചൈനയിലെ ബെയ്ജിങ് വിമാനത്താവളത്തിൽ കണ്ടെന്നും യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മുൻ യുഎസ് നയതന്ത്രജ്ഞരുമായാണു ചോ കൂടിക്കാഴ്ച നടത്തുന്നതെന്നാണു വിവരം. ദക്ഷിണ കൊറിയയിലെ യുഎസ് അംബാസഡറായിരുന്ന കാത്‌ലീൻ സ്റ്റീഫൻസുമായും ദക്ഷിണ കൊറിയൻ സുരക്ഷാ വിദഗ്ധരുമായും ചർച്ച നടത്തുമെന്നാണു റിപ്പോർട്ട്. ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചാണു റിപ്പോർട്ടെങ്കിലും കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ മാസം ദക്ഷിണ കൊറിയയിൽ നടന്ന ശീതകാല ഒളിംപിക്സിന് അയച്ച ഉത്തര കൊറിയൻ പ്രതിനിധി സംഘത്തിലും ചോ ഉണ്ടായിരുന്നു. അതിനിടെ, സ്വീഡന്റെ വിദേശകാര്യ മന്ത്രിയും ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിവന്നിരുന്ന മൂന്നു ദിവസത്തെ ചർച്ചകൾ ശനിയാഴ്ച അവസാനിച്ചിരുന്നു. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സുരക്ഷാ തർക്കങ്ങളിൽ സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര പ്രയത്നങ്ങൾ ചർച്ച ചെയ്യുകയായിരുന്നുവെന്നു സ്വീഡിഷ് മന്ത്രി സ്റ്റോക്കോമിൽ അറിയിച്ചു. യുഎസ് – ഉത്തര കൊറിയ ഉച്ചകോടി നടക്കുകയാണെങ്കിൽ സ്വീഡനായിരിക്കും വേദിയെന്നാണു സൂചന.

മേയ് മാസത്തോടു കൂടി കിമ്മുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് അറിയുന്നത്. ചർച്ചകളിൽനിന്ന് എന്തുനേട്ടമാണ് ആഗ്രഹിക്കുന്നതെന്ന കാര്യം ഉത്തര കൊറിയ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും കിമ്മുമായി ഏപ്രിലിൽ കൂടിക്കാഴ്ച നടത്തും.