കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ്: അതൃപ്തിയുമായി സി.കെ.വിനീതും ഇയാൻ ഹ്യൂമും

ഇയാൻ ഹ്യൂമും സി.കെ വിനീതും.

കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ്  മൽസരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീതും ഇയാൻ ഹ്യൂമും. മല്‍സരം കൊച്ചിയില്‍ നടത്തുന്നതിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്.മാധവൻ നേരത്തെ രംഗത്തെത്തിയിരുന്നു. 

ഫിഫ അംഗീകാരമുള്ള ആറു സ്റ്റേഡിയങ്ങളിൽ ഒന്നാണ് കൊച്ചിയിലേത്. ഏറെ പണം മുടക്കിയും കഷ്ടപ്പെട്ടുമാണ് കൊച്ചിയിൽ ഫുട്ബോളിനായി മനോഹരമായ ടർഫ് ഒരുക്കിയത്. ക്രിക്കറ്റ് മൽസരത്തിനുശേഷം മൈതാനം പഴയപടി ആക്കുമോ എന്നു വിനീത് ചോദിച്ചു. വിവിധയിനം കായിക ഇനങ്ങൾ ഒരുമിച്ചാണ് വളരേണ്ടത്. ഒന്നിന്റെ വളർച്ചയ്ക്ക് വേണ്ടി മറ്റൊന്നിനെ നശിപ്പിക്കരുത്. കൊച്ചി സ്റ്റേഡിയത്തിലെ ടർഫ് ക്രിക്കറ്റ് മത്സരങ്ങളെ സഹായിക്കുമെന്ന വാദം തന്റെ അനുഭവത്തിൽ തെറ്റാണ്. മൂന്നോ നാലോ ക്രിക്കറ്റ് മത്സരങ്ങൾ ഒരുമിച്ചു നടക്കുന്ന സ്റ്റേഡിയത്തിൽ ആണ് താൻ ക്രിക്കറ്റ് കളിച്ചു വളർന്നിട്ടുളളത്.  ധാരാളം പണവും സമയവും ഫുട്ബോൾ മത്സരങ്ങൾക്കായി മൈതാനം ഒരുക്കുന്നതിന് ചെലവഴിച്ചിട്ടുണ്ടെന്നും നിരവധി തൊഴിലാളികളുടെ പ്രയത്നം അധികൃതർ പാഴാക്കരുതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിനീത് ആവശ്യപ്പെട്ടു. 

തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ എന്തിന് കൊച്ചിയിൽ ക്രിക്കറ്റ് നടത്തണമെന്നാണ് ഹ്യൂമിന്റെ ചോദ്യം. ഒരു ക്രിക്കറ്റ് മല്‍സരത്തിന് വേണ്ടി നല്ലൊരു ഫുട്ബോള്‍ ടര്‍ഫ് നശിപ്പിക്കണമോ എന്നത് ചിന്തിക്കണം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ഫുട്ബോളിനായി വിട്ടുനല്‍കുമോയെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ ഹ്യൂം പരിഹസിച്ചു.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടത്താനാണ് തീരുമാനമായത്. കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചർച്ചയിലായിരുന്നു തീരുമാനം. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണു മൽസരം. ക്രിക്കറ്റ് മൽസരം നടത്തുന്നതു സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റുമായുള്ള ചർച്ച 21ന് നടക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അതൃപ്തിയുമായി സി.കെ.വിനീതും ഇയാൻ ഹ്യൂമും രംഗത്തുവരുന്നത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവും നേരത്തെ വിൻഡീസ് – ഇന്ത്യ ഏകദിന മൽസരത്തിനായി പരിഗണിച്ചിരുന്നു.