പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ല, കോടതി വിധി നടപ്പാക്കുകയാണ്: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം∙ എല്‍ഡിഎഫ് പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീംകോടതി വിധി നടപ്പാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്. ഈ നടപടികളെ മാധ്യമങ്ങള്‍ വക്രീകരിച്ചു കാണിക്കുകയാണ്. പുതിയ ബാറുകള്‍ തുറക്കില്ല. മദ്യാസക്തി കുറയ്ക്കാനുളള ശ്രമങ്ങളാണു നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്തു പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ഇന്നലെ പറഞ്ഞിരുന്നു. അടച്ചുപൂട്ടിയ ബാറുകൾ മാത്രമേ തുറക്കുവെന്നും പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കിയിരുന്നു.

പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ ദേശീയ, സംസ്ഥാന പാതകൾ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാൻ വഴിയൊരുങ്ങിയതോടെയാണു വിശദീകരണവുമായി നേതാക്കൾ തന്നെ രംഗത്തെത്തിയത്. വിനോദ സഞ്ചാര മേഖലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളില്‍ പതിനായിരമെന്ന ജനസംഖ്യയ്ക്ക് ഇളവ് അനുവദിച്ചതോടെ ഇവിടങ്ങളിലും കൂടുതല്‍ ബാറുകള്‍ തുറക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.