ഒന്നു വിളിച്ചാൽ ഡീസൽ വീട്ടുപടിക്കലെത്തും; ഹോം ഡെലിവറിയുമായി ഐഒസി

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഡീസൽ ഹോം ഡെലിവറി വാഹനം. ചിത്രം: ഐഒസി, ട്വിറ്റർ

പുണെ∙ പാലും പത്രവും പാചകവാതകവും മാത്രമല്ല, ഇനി ഡീസലും വീട്ടുമുറ്റത്തെത്തും. രാജ്യത്തെ വലിയ പെട്രോളിയം കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ആണ് നൂതന സംരംഭവുമായി രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ പുണെയിൽ തുടങ്ങിയ പദ്ധതി വൈകാതെ രാജ്യമാകെ നടപ്പാക്കും.

ടാങ്കറും പമ്പുകളിലെ അതേ മാതൃകയിലുള്ള മീറ്ററുമുള്ള വാഹനമാണ് ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുക. ഗ്രാമങ്ങളിലും ദൂരദേശങ്ങളിലുമുള്ള ആളുകൾക്ക് ഇന്ധനം കിട്ടാനുള്ള പ്രയാസം പരിഹരിക്കുകയാണു പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ഐഒസി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, പമ്പിൽനിന്നു ലഭിക്കുന്ന അതേ വിലയിലാണോ ഡീസൽ ലഭിക്കുക, ഒരാൾക്ക് എത്ര അളവ് കിട്ടും തുട‌ങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.