ക്രിക്കറ്റ് തിരുവനന്തപുരത്ത് മതി: ഫുട്ബോളിനായി ശ്രീശാന്തും രംഗത്ത്

കൊച്ചി∙ കൊച്ചിയിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കുന്നതിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തും രംഗത്ത്. ക്രിക്കറ്റ് മൽസരം തിരുവനന്തപുരത്ത് നടത്തണമെന്ന് അദ്ദേഹം അഭ‌ിപ്രായപ്പെട്ടു. കേരളത്തിൽ ഫുട്ബോൾ വളരുന്ന സമയമാണ്. ഐഎസ്എൽ മൽസരങ്ങൾ നല്ല രീതിയിലാണ് കൊച്ചിയിൽ സംഘടിപ്പിച്ചത്. ഭാവിയിൽ കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം ഉണ്ടാകട്ടേയെന്നും ശ്രീശാന്ത് മനോരമ ന്യൂസിനോടു പറഞ്ഞു.

തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം

കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെച്ചൊല്ലി കേരള ക്രിക്കറ്റ് അസോസിയേഷനും കേരള ഫുട്ബോള്‍ അസോസിയേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നു. ഇരുസംഘടനകളുടെയും ഭാരവാഹികളുമായി കായികമന്ത്രി എ.സി. മൊയ്തീന്‍ ഫോണില്‍ ചര്‍ച്ചനടത്തി. കലൂര്‍ സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ടര്‍ഫിനു കേടുവരുത്തുന്ന കാര്യങ്ങള്‍ ചെയ്യാനാകില്ലെന്നു മന്ത്രി പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തേക്കു മാറ്റാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കലൂര്‍ സ്റ്റേഡിയത്തില്‍ ഫുട്ബോളിനു തടസമുണ്ടാകുന്ന ഒരു തീരുമാനവും പാടില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് ആവശ്യപ്പെട്ടു. ആവേശക്കടല്‍ സൃഷ്ടിക്കുന്ന ഫുട്ബോള്‍ നടക്കുന്ന സ്റ്റേഡിയം ക്രിക്കറ്റിനു വിട്ടുകൊടുത്തില്‍ ഗ്രൗണ്ടിനെ ബാധിക്കുമെന്ന വിമര്‍ശനം പ്രസക്തമാണ്. കൊച്ചിയില്‍ ക്രിക്കറ്റിനായി ഒരു സ്റ്റേഡിയം ആവശ്യമാണ്. കെസിഎ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പി. രാജീവ് ഫെയ്സ്‌ബുക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ക്രിക്കറ്റ് വേണ്ടെങ്കില്‍ വേണ്ടെന്ന് ജിസിഡിഎ

കൊച്ചിയിലെ ‘ക്രിക്കറ്റ് – ഫുട്ബോള്‍’ വിവാദത്തില്‍ വഴിത്തിരിവ്. കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം വേണ്ടെന്നാണു ഫുട്ബോൾ കളിക്കാർ പറയുന്നതെങ്കിൽ വേണ്ടെന്ന നിലപാടുമായി ജിസിഡിഎ രംഗത്തെത്തി. തർക്കത്തിനും വിവാദത്തിനുമില്ലെന്നു ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ മനോരമ ന്യൂസിനോട് പറഞ്ഞു.

ഫുട്ബോളിനു പ്രയാസങ്ങളൊന്നും ഇല്ലാതെ ക്രിക്കറ്റ് നടത്താൻ കഴിയുമെങ്കിൽ രണ്ടും നടക്കട്ടെ. മറിച്ചാണെങ്കിൽ ഏതെങ്കിലും ഒന്നു മാത്രം നടക്കട്ടെ മതിയെന്നതാണ് ജിസിഡിഎ നിലപാടെന്നും സി.എൻ. മോഹനൻ പറഞ്ഞു. സ്റ്റേഡിയത്തിനും ഗ്രൗണ്ടിനും തടസമില്ലാത്ത വിധം രണ്ടും നടത്താൻ കഴിയുമെങ്കിൽ ജിസിഡിഎ അതിനു തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മൽസരം നടത്തുന്നതിൽ ആശങ്ക പങ്കുവച്ച് കേരള ഫുട്ബോള്‍ അസോസിയേഷനും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും രംഗത്തെത്തിയിരുന്നു. വേദി തീരുമാനിക്കുന്ന കാര്യത്തിൽ കൂടുതൽ കൂടിയാലോചന വേണമെന്ന് കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തർ മനോരമ ന്യൂസിനോടു പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകള്‍ വളരെ വൈകും. വിന്‍ഡീസ് ഏകദിനത്തിനുശേഷം മൈതാനം സജ്ജമാക്കാന്‍ ഒരുമാസമെടുക്കും. ഐഎസ്എൽ സംഘാടകരുമായും വിഷയം ചർച്ചചെയ്യണമെന്നു മേത്തർ കൊച്ചിയിൽ പറഞ്ഞു. ആദ്യം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ച മല്‍സരം കൊച്ചി നെഹ്റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.