ബ്രഹ്മോസ് കരുത്തിൽ കുതിക്കാൻ ഇന്ത്യ; വിക്ഷേപണം വിജയം, വേഗം 3200 കി.മീ

ബ്രഹ്മോസ് മിസൈൽ. (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസ് പരീക്ഷണം വിജയമെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ. രാജ്യസുരക്ഷയ്ക്കു മുതൽക്കൂട്ടാണു ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസെന്നു അവർ വ്യക്തമാക്കി. രാവിലെ രാജസ്ഥാനിലെ പൊഖ്റാനിലായിരുന്നു പരീക്ഷണം. ലക്ഷ്യത്തിൽ കൃത്യമായി എത്താൻ ബ്രഹ്മോസിനു സാധിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും ബ്രഹ്മോസിനെ വെല്ലാൻ ലോകത്തു വേറെ ക്രൂയിസ് മിസൈലുകളില്ല. 

ബ്രഹ്മോസിന്റെ വിജയകരമായ പരീക്ഷണത്തിനു പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രജ്ഞരെയും ഇന്ത്യൻ സേനയെയും പ്രതിരോധ മേഖലയെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ നവംബറിൽ ‌ബ്രഹ്മോസ്, സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽനിന്നു വിജയകരമായി പരീക്ഷിച്ചിരുന്നു. ലോകത്ത് ആദ്യമായാണു ശബ്ദാതിവേഗ മിസൈൽ ദീർഘദൂര പോർവിമാനത്തിൽ ഘടിപ്പിച്ചതും വിജയകരമായി വിക്ഷേപിച്ചതും. ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിക്കു പിന്നാലെയാണു ബ്രഹ്മോസ് വീണ്ടും പരീക്ഷിച്ചത്.

വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽപോലും ആക്രമണം നടത്താൻ കഴിയുമെന്നതാണു ബ്രഹ്മോസ്–സുഖോയ് സംയോജനത്തിന്റെ ഗുണം. ഇന്ത്യയും റഷ്യയും ചേർന്നാണു ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. മണിക്കൂറിൽ 3200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂർണമായും തകർക്കാനും കഴിയും.