കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സിനിമാ ഷൂട്ടിങ്; പൊതുജനം പുറത്ത്

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫിസിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനാൽ ഇടപാടുകൾക്ക് എത്തിയവർ അകത്തു പ്രവേശിക്കാനാകാതെ പുറത്തു കാത്തുനിൽക്കുന്നു. ചിത്രം: സജീഷ് പി.ശങ്കർ ∙ മനോരമ

കണ്ണൂർ∙ ജില്ലാ പഞ്ചായത്ത് ഓഫിസ് സിനിമ ചിത്രീകരണത്തിനു വിട്ടുനൽകിയതോടെ വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തിയ പൊതുജനം പുറത്തായി. രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തിയവർ പോലും ഉച്ചയായിട്ടും അകത്തുകയറാനാവാതെ പുറത്തുനിൽക്കുകയാണ്. സാമ്പത്തികവർഷം അവസാനിക്കുന്നതിനു തൊട്ടുമുൻപുള്ള ആഴ്ചയിലെ പ്രവർത്തിദിവസം തന്നെ ജില്ലാ പഞ്ചായത്ത് ഓഫിസ് സിനിമാ ചിത്രീകരണത്തിനായി വിട്ടുനൽകിയതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.

സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷ എന്ന സിനിമയുടെ ചിത്രീകരണമാണു കണ്ണൂരിൽ നടക്കുന്നത്. ഒരു ദിവസത്തെ ചിത്രീകരണമാണു ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുള്ളത്. ഇതിനായി ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ താഴത്തെ നില പൂർണമായും സിനിമാസംഘത്തിനു വിട്ടുനൽകി. എൻജിനീയറിങ് വിഭാഗം ഒഴികെ ജില്ലാ പഞ്ചായത്തിലെ പ്രധാന ഓഫിസുകളെല്ലാം പ്രവർത്തിക്കുന്ന ഭാഗമാണു ചിത്രീകരണത്തിനായി നൽകിയത്. ഇതോടെ വിവിധ ആവശ്യത്തിന് ജില്ലാ പഞ്ചായത്ത് ഓഫിസിലെത്തിയവർ പെരുവഴിയായി. സിനിമാ ചിത്രീകരണത്തിന് അവധിദിവസം ഓഫിസ് അനുവദിച്ചാൽ പോരായിരുന്നോ എന്നാണു ജനത്തിന്റെ ചോദ്യം.