ബഹളം തുടരുന്നു; ലോക്സഭ ചൊവ്വാഴ്ച വരെയും രാജ്യസഭ തിങ്കളാഴ്ച വരെയും പിരിഞ്ഞു

ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവി വിഷയത്തിൽ രാജ്യസഭ ബഹളത്തിൽ മുങ്ങിയപ്പോൾ. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ന്യൂഡൽഹി∙ ആന്ധ്രാ പ്രദേശിന്റെ ‘പ്രത്യേക പദവി’യിൽത്തട്ടി പാർലമെന്റിന്റെ ഇരു സഭകളുടെയും സമ്മേളനം വീണ്ടും മുടങ്ങി. സഭാ സമ്മേളനം ആരംഭിക്കുമ്പോൾത്തന്നെ ആന്ധ്രയുടെ പ്രത്യേക പദവിക്കായി വാദിച്ചു സമ്മേളനം തടസ്സപ്പെടുത്തുന്ന പതിവ് ഇക്കുറിയും ടിഡിപി എംപിമാർ തുടർന്നതോടെ രാജ്യസഭ തിങ്കളാഴ്ച വരെയും ലോക്സഭ ചൊവ്വാഴ്ച വരെയും പിരിഞ്ഞു.

തുടർച്ചയായ 15–ാം ദിവസമാണ് ടിഡിപി എംപിമാരുടെ ബഹളത്തെ തുടർന്നു ലോക്സഭ നിർത്തിവയ്ക്കുന്നത്. കാവേരി നദീജല വിഷയത്തിൽ തർക്കം ഉന്നയിച്ച് അണ്ണാ ഡിഎംകെ എംഎൽഎമാരും ഇന്നു രാജ്യസഭയിൽ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

രാമനവമി ദിനമായ ഞായറാഴ്ചയ്ക്കു പകരം തിങ്കളാഴ്ച എംപിമാർക്ക് അവധി അനുവദിച്ചതായി ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ വ്യക്തമാക്കിയ സാഹചര്യത്തിലാണു ലോക്സഭ ചൊവ്വാഴ്ച വരെ പിരിഞ്ഞത്. രാജ്യസഭയിലും ടിഡിപി എംപിമാർ ബഹളം തുടർന്നതോടെ തിങ്കളാഴ്ച വരെ സഭ പിരിയുന്നതായി സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അറിയിച്ചു.