അതിരൂപത ഭൂമി വിൽപന തർക്കം മാർപാപ്പയുടെ പരിഗണനയ്ക്കു വിടാൻ തീരുമാനം

അങ്കമാലി∙ സിറോ മലബാർ സഭയിൽ  എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ  അനുരഞ്ജനത്തിലേക്ക്. വിഷയം മാർപാപ്പയുടെ പരിഗണയ്ക്കു വിടാൻ തീരുമാനമായി. വൈദികർ പരസ്യ പ്രതിഷേധങ്ങളിൽ നിന്നു പിന്മാറും. വൈദിക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മാപ്പു പറയേണ്ടതില്ലെന്നും വൈദിക സമിതി വ്യക്തമാക്കി.

ഭൂമി വിൽപനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒത്തുതീർപ്പാകാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ആർച്ച് ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, മാർ ആൻഡ്രൂസ് താഴത്ത് എന്നിവരുടെ നേതൃത്വത്തിൽ  ഒരാഴ്ചയായി നടത്തിയ ചർച്ചകളെത്തുടർന്നാണ് ഒത്തുതീർപ്പു വ്യവസ്ഥകൾ രൂപപ്പെട്ടത്.  

എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പൂത്തൻവീട്ടിൽ, പ്രോ വികാരി ജനറൽ മോൺ. ആന്റണി നരികുളം എന്നിവരും ഭൂമി ഇടപാട് അന്വേഷിക്കാൻ അതിരൂപത നിയമിച്ച അന്വേഷണ കമ്മിഷനിലെ അംഗങ്ങളും കഴിഞ്ഞ ദിവസം ചേർന്ന ചർച്ചയിൽ പങ്കെടുത്തു. ആ ചർച്ചയിൽ രൂപപ്പെട്ട വ്യവസ്ഥകൾ വൈദിക സമിതിയിൽ അവതരിപ്പിച്ചിരുന്നു. ഇനി തിങ്കളാഴ്ച അതിരൂപതയിലെ മുഴുവൻ വൈദികരുടെയും യോഗം ചേരും.