പന്ത് ചുരണ്ടൽ വിവാദം: സ്റ്റീവ് സ്മിത്തിന് ഒരു ടെസ്റ്റിൽ സസ്പെൻഷനും മാച്ച് ഫീ പിഴയും

ദുബായ്∙ പന്തിൽ കൃത്രിമം കാട്ടിയതായി സമ്മതിച്ച ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് ഒരു ടെസ്റ്റിൽ വിലക്കും മാച്ച് ഫീ മൊത്തമായി പിഴയും വിധിച്ചു. ഇതേ സംഭവത്തിൽ ഉൾപ്പെട്ട ഓസീസ് ഓപ്പണർ കാമറൂൺ ബാൻക്രോഫ്റ്റിനു മാച്ച് ഫീയുടെ 75% പിഴയും വിധിച്ചിട്ടുണ്ട്. ഇതിനു പുറമെ ബാൻക്രോഫ്റ്റിന്റെ പേരിൽ മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ചേർക്കും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റേതാണു തീരുമാനം.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റീവ് സ്മിത്തിനു നായകസ്ഥാനവും ഡേവിഡ് വാർണറിന് ഉപനായക സ്ഥാനവും നഷ്ടമായിരുന്നു. ടിം പെയ്നാണു മൽസരത്തിന്റെ ശേഷിക്കുന്ന ദിനങ്ങളിൽ ഓസീസിനെ നയിക്കുന്നത്. രാജ്യത്തിനു നാണക്കേടുണ്ടാക്കിയ ഓസീസ് ടീമിനെതിരെ ഓസ്ട്രേലിയൻ സർക്കാരും ക്രിക്കറ്റ് ബോർഡും ആരാധകരും ഒന്നാകെ രംഗത്തെത്തിയിരുന്നു. കടുത്ത വിമർശനമുയർന്നതോടെയാണു സ്മിത്ത് നായകസ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായത്.

കേപ്ടൗണിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണു വിവാദ സംഭവമുണ്ടായത്. മൂന്നാം ദിനമായ ശനിയാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം മടങ്ങിയെത്തിയപ്പോൾ, ബാൻക്രോഫ്റ്റ് നിയമവിരുദ്ധമായി പന്തു ചുരണ്ടുന്ന ദൃശ്യം ക്യാമറകൾ ഒപ്പിയെടുക്കുകയായിരുന്നു. സംഭവം ചാനലുകൾ ആവർത്തിച്ചു കാണിച്ചതോടെ അംപയറിന്റെ ശ്രദ്ധയിലുമെത്തി. ഇതിനു പിന്നാലെ വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റനെന്ന നിലയിൽ തന്റെയും ടീമിലെ മുതിർന്ന താരങ്ങളുടെയും സമ്മതത്തോടെയാണു ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടിയതെന്നു സ്റ്റീവ് സ്മിത്ത് ഏറ്റുപറയുകയായിരുന്നു.