നന്ദിഗ്രാം കർഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി; സമരം വ്യാപിപ്പിക്കാൻ നീക്കം

കീഴാറ്റൂരിൽ വയൽക്കിളി സമരത്തിന് പിന്തുണയുമായെത്തിയവർ

കണ്ണൂർ∙ കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിൽനിന്നു സർക്കാർ പിൻമാറിയില്ലെങ്കിൽ സമരരീതി മാറ്റാനൊരുങ്ങി വയൽക്കിളികൾ. എല്ലാ ബദൽ മാർഗങ്ങളും അടഞ്ഞാൽ മാത്രം വയൽ വഴി മേൽപാലം നിർമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണു വയൽക്കിളികൾ. അതേസമയം സമരത്തിനു പിന്തുണയുമായി നന്ദിഗ്രാമിലെ കർഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി അറിയിച്ചു.

കേരളത്തെ കീഴാറ്റൂരിലെത്തിച്ച വയൽക്കിളികൾ സമരവും സംസ്ഥാന വ്യാപകമാക്കാൻ ഒരുങ്ങുകയാണ്. സർക്കാരിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വയലിൽ പന്തൽ കെട്ടി സമരം ചെയ്യുന്നതിനു പകരം പൊതുജനങ്ങളിലേക്കു സമരം എത്തിക്കും. നിലനിൽപ്പിന്റെ സമരമായതിനാൽ ആരുടെയും പിന്തുണ സ്വീകരിക്കും. അതേസമയം, വയൽക്കിളികൾക്കു പ്രചോദനം നൽകാൻ നന്ദിഗ്രാമിലെ കർഷകരെ കീഴാറ്റൂരിലെത്തിക്കുമെന്നു ബിജെപി വ്യക്തമാക്കി. സമരത്തിനു കൂടുതൽ ജനകീയ ശ്രദ്ധ നേടാനായി മഹാരാഷ്ട്ര മാതൃകയിൽ ലോങ് മാർച്ച് നടത്തുന്ന കാര്യവും വയൽക്കിളികൾ ആലോചിക്കുന്നുണ്ട്.

അതേസമയം, കീഴാറ്റൂർ സമരം മാധ്യമസൃഷ്ടിയാണെന്നു മന്ത്രി എം.എം.മണി പറഞ്ഞു. രണ്ടോ നാലോ പേർക്കു വേണ്ടി മാത്രമുള്ളതാണു വയൽക്കിളികളുടെ സമരം. സമരക്കാരെ ഇളക്കിവിടുന്നത് മാധ്യമങ്ങളാണെന്നും എം.എം.മണി കോതമംഗലത്തു പറഞ്ഞു.