പന്തിൽ കൃത്രിമം: മൂന്നു പേർക്കെതിരെ നടപടി വരും; കോച്ചിനു പങ്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും

മെൽബൺ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തി‍ൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ആരാധകരോടു മാപ്പു പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കൻ ടീമിനോടും മാപ്പു പറയുന്നതായി ഓസ്ട്രേലിയൻ ക്രിക്കറ്റ് മേധാവി വ്യക്തമാക്കി. ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ഉൾപ്പെടെ മൂന്നു പേർക്കു മാത്രമാണു സംഭവത്തിൽ പങ്കെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ 24 മണിക്കൂറിനകം നടപടി പ്രഖ്യാപിക്കുമെന്ന് സിഇഒ ജയിംസ് സതർലൻഡ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്വേഷണ റിപ്പോർട്ട് പ്രാഥമികമാണ്. അന്തിമറിപ്പോർട്ട് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. 

പരിശീലകൻ ഡാരൻ ലീമാനു സംഭവത്തില്‍ പങ്കില്ലെന്നും റിപ്പോർട്ടുണ്ട്. ഇദ്ദേഹം ഓസീസ് ടീമിന്റെ പരിശീലക സ്ഥാനത്തു തുടരും. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള നാലാം ടെസ്റ്റിൽ ടിം പെയ്നായിരിക്കും ഓസീസിനെ നയിക്കുക. പന്തു ചുരണ്ടൽ വിവാദത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ സ്റ്റീവ് സ്മിത്ത്, ഉപനായകൻ ഡേവിഡ് വാർണർ, യുവതാരം കാമറോൺ ബാൻക്രോഫ്റ്റ് എന്നിവർ ബുധനാഴ്ച തന്നെ ഓസ്ട്രേലിയയിലേക്കു മടങ്ങും. ഇവർക്കു പകരം മാത്യു റെൻഷ്വാ, ജോയ് ബൺസ്, ഗ്ലെൻ മാക്സ്‌വെൽ എന്നിവരായിരിക്കും ശേഷിക്കുന്ന ടെസ്റ്റ് മത്സരത്തിൽ കളിക്കുക. 

വിവാദം ഇങ്ങനെ:

ശനിയാഴ്ച ഫീൽഡിങ്ങിനിടെ ഓസ്ട്രേലിയൻ താരം കാമറൺ ബാൻക്രോഫ്റ്റാണു പോക്കറ്റിൽ കരുതിയ മഞ്ഞനിറത്തിലുള്ള ടേപ് ഉപയോഗിച്ചു പന്തിന്റെ മിനുസം നഷ്ടപ്പെടുത്തിയത്. ടിവി ചാനലുകളിൽ ദൃശ്യം വന്നതോടെ ക്രിക്കറ്റ് ലോകം പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഓസ്ട്രേലിയ സർക്കാർ രാജി ആവശ്യപ്പെടുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ആസൂത്രിതമായി ഇത്തരമൊരു നീക്കം നടക്കുന്നത്. 

മൽസരശേഷം ബാൻക്രോഫ്റ്റുമൊന്നിച്ച് പത്രസമ്മേളനത്തിനെത്തിയ സ്മിത്ത് തെറ്റു സംഭവിച്ചുവെന്നും മൽസരം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ നടത്തിയ ‘അറ്റകൈ’ പ്രയോഗമായിരുന്നു അതെന്നും തുറന്നു സമ്മതിച്ചു. സീനിയർ താരങ്ങളുടെ അറിവോടെയാണ് ഇതു നടത്തിയതെന്നുകൂടി വെളിപ്പെടുത്തിയതോടെ ഓസ്ട്രേലിയൻ ടീമിനെതിരെ പ്രതിഷേധം ശക്തമായി. 

രാജിവയ്ക്കില്ലെന്നാണു സ്മിത്ത് ആദ്യമറിയിച്ചത്. എന്നാൽ പ്രധാനമന്ത്രി മാൽകം ടേൺബുള്ളും സ്പോർട്സ് കമ്മിഷൻ മേധാവി കെയ്റ്റ് പാൽമറും വിമർശനവുമായി എത്തിയതോടെ ക്രിക്കറ്റ് ഓസ്ട്രേലിയ ഇരുവരുടെയും രാജി ആവശ്യപ്പെട്ടു. ഐസിസി സ്റ്റീവ് സ്മിത്തിന് ഒരു മൽസരത്തിൽ വിലക്കും മാച്ച് ഫീസിന്റെ 100% പിഴയും ഏർപ്പെടുത്തി. ബാൻക്രോഫ്റ്റ് മാച്ച് ഫീയുടെ 75% പിഴയടയ്ക്കണം. ഇത്രയൊക്കെ ചെയ്തിട്ടും നാലാം ദിനം 107 റൺസിനു പുറത്തായ ഓസ്ട്രേലിയ 322 റൺസിനു തോറ്റു.