മാപ്പ്, സംഭവിച്ചതിനെല്ലാം മാപ്പ്: കണ്ണീരണിഞ്ഞ് സ്മിത്ത് മാധ്യമങ്ങൾക്കു മുന്നിൽ

സിഡ്നിയിൽ തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് കണ്ണീരോടെ മാധ്യമങ്ങൾക്കു മുന്നിൽ. (ട്വിറ്റർ ചിത്രം)

സിഡ്നി∙ പന്തിൽ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ലോകത്ത് ഒറ്റപ്പെട്ടതിനു പിന്നാലെ, മാധ്യമങ്ങൾക്കു മുന്നിൽ കണ്ണീരണിഞ്ഞ് ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്ത്. തെറ്റു പറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞ സ്മിത്ത്, ഈ സംഭവം തന്നെ പൂർണമായും തകർത്തുകളഞ്ഞെന്നും വിശദീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ടീമിൽനിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തിരിച്ചുവിളിച്ചതിനെ തുടർന്ന് സിഡ്നിയിൽ മടങ്ങിയെത്തിയപ്പോഴാണ് സ്മിത്ത് മാധ്യമങ്ങൾക്കു മുന്നിൽ വികാരാധീനനായത്.

എന്റെ എല്ലാ ടീമംഗങ്ങളോടും, ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരോടും, ഞങ്ങളുടെ പ്രവൃത്തിമൂലം നിരാശരായിരിക്കുന്ന എല്ലാ ഓസ്ട്രേലിയക്കാരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു –സ്മിത്ത് വ്യക്തമാക്കി. ഈ സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും സ്മിത്ത് പറഞ്ഞു. ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഞാൻ. എല്ലാം എന്റെ കൺമുന്നിലാണ് നടന്നത്. ശനിയാഴ്ച സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാനേൽക്കുന്നു – സ്മിത്ത് പറ‍ഞ്ഞു.

സ്മിത്തിന്റെ പത്രസമ്മേളനത്തിന്റെ വിഡിയോ

എല്ലാ ഉത്തരവാദിത്തവും എന്റേതാണ്. ടീമിനെ നയിക്കുന്നതിൽ എനിക്കു വീഴ്ച പറ്റി. ഈ തെറ്റുമൂലം സംഭവിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർഥമായി  ശ്രമിക്കും. ഇനിയുള്ള ജീവിതം മുഴുവൻ ഈ തെറ്റിനെച്ചൊല്ലി പശ്ചാത്തപിക്കും. എല്ലാ വീഴ്ചകൾക്കും കാലം മാപ്പു നൽകുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

തെറ്റ് സംഭവിച്ചു, മാപ്പ്; പറയാനുള്ളത് വൈകാതെ പറയും: കണ്ണീരോടെ വാര്‍ണര്‍

ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. എന്റെ ജീവനായിരുന്നു ഈ കളി. അത് അങ്ങനെ തന്നെ തുടരും. സംഭവിച്ച എല്ലാറ്റിനും മാപ്പ്. ഈ സംഭവങ്ങൾ എന്നെ തകർത്തു കളഞ്ഞിരിക്കുന്നു – കണ്ണീരോടെ സ്മിത്ത് ഏറ്റുപറഞ്ഞു.

ഈ സംഭവങ്ങൾ മൂലം എന്തെങ്കിലും നൻമ സംഭവിച്ചാൽ, മറ്റുള്ളവർക്ക് ഇതിൽനിന്ന് എന്തെങ്കിലും പാഠം ലഭിച്ചാൽ, മാറ്റത്തിന്റെ മുന്നണിപ്പോരാളിയാകാൻ ഞാനുണ്ടാകും. എന്റെ ജീവിതത്തിന്റെ ശിഷ്ടകാലം മൊത്തം ഇതേക്കുറിച്ച് ഞാൻ പശ്ചാത്തപിക്കും. എല്ലാ തെറ്റുകൾക്കും കാലം മാപ്പു തരുമെന്നാണ് പ്രതീക്ഷ – സ്മിത്ത് പറഞ്ഞു.

ഈ സംഭവങ്ങൾ വല്ലാതെ മുറിപ്പെടുത്തുന്നു. ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് മാപ്പു ചോദിക്കുന്നു. ക്രിക്കറ്റിനെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്. ഈ കളിയിലേക്ക് പുതിയ തലമുറയെ കൊണ്ടുവരാനും എനിക്കിഷ്ടമാണ്. ഓസ്ട്രേലിയയ്ക്കും ക്രിക്കറ്റ് ലോകത്തിനും ഞാൻ മൂലമുണ്ടായ വേദനകൾക്ക് മാപ്പ് – ഇരുപത്തിയെട്ടുകാരനായ സ്മിത്ത് പറഞ്ഞു.

നേരത്തേ, പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ടീം ഉപനായകൻ ഡേവിഡ് വാർണറും ഓപ്പണിങ് ബാറ്റ്സ്മാൻ കാമറൺ ബാൻക്രോഫ്റ്റും കുറ്റമേറ്റു പറഞ്ഞും ക്ഷമചോദിച്ചും രംഗത്തെത്തിയിരുന്നു. പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിനും വാർണറിനും ഒരു വർഷത്തെയും ബാൻക്രോഫ്റ്റിന് ഒൻപതു മാസത്തെയും വിലക്കേർപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ടീമിൽനിന്ന് മൂവരെയും തിരിച്ചുവിളിക്കുകയും ചെയ്തു.