ഇസ്രയേല്‍ വെടിവയ്പ്: ഗാസ സംഘർഷഭരിതം; കൊല്ലപ്പെട്ടത് 16 പലസ്തീൻകാർ

ഗാസയിൽ പലസ്തീൻ പ്രതിഷേധക്കാർക്കു നേരെ കണ്ണുനീർവാതകം പ്രയോഗിക്കുന്ന ഇസ്രയേൽ സൈന്യം.

ഗാസ സിറ്റി∙ ഗാസയിൽ പലസ്തീൻ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേല്‍ വെടിവയ്പ്. പതിനാറുകാരനുൾപ്പെടെ 16 പലസ്തീൻകാർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അഞ്ഞൂറിലേറെ പേർക്കു പരുക്കേറ്റു. പലസ്തീൻ–ഇസ്രയേൽ അതിർത്തിയിൽ ആറാഴ്ച നീളുന്ന സമരപരിപാടികൾക്കു തുടക്കം കുറിച്ചുള്ള പ്രതിഷേധ പ്രകടനത്തിനിടെയാണു വെടിവയ്പുണ്ടായത്. സമീപകാലത്ത് ഗാസയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇപ്പോൾ നടക്കുന്നത്.

തെക്കൻ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഇരുപത്തിയേഴുകാരനായ ഒരു കർഷകനാണു കൊല്ലപ്പെട്ടത്. അതിർത്തിവേലിക്കു സമീപമുണ്ടായ കല്ലേറിൽ രണ്ടാമത്തെയാളും കൊല്ലപ്പെട്ടു. ഒൻപതു വയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെയാണു വെടിവയ്പിൽ പരുക്കേറ്റിരിക്കുന്നത്. അതേസമയം തെക്കൻ ഗാസയിൽ സുരക്ഷാവേലിക്കു സമീപം സംശയാസ്പദമായ രീതിയിൽ ‘പ്രവർത്തന’ങ്ങളിലേർപ്പെട്ട രണ്ടു പേർക്കു നേരെയാണ് തങ്ങൾ ഷെല്ലാക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വക്താവ് പ്രതികരിച്ചു. എന്നാല്‍ വയലില്‍ പണിയെടുത്തു കൊണ്ടിരിക്കുമ്പോഴായിരുന്നു ഇവർക്കു നേരെ ആക്രമണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

അതിർത്തിയിലെ ഇസ്രയേൽ സേനയ്ക്കു നേരെ ടയറുകൾ കത്തിച്ചു വിടുകയും കല്ലെറിയും ചെയ്തപ്പോഴാണു വെടിവച്ചതെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അക്രമത്തിനു നേതൃത്വം നൽകിയവർക്കു നേരെ മാത്രമാണു വെടിവച്ചതെന്നും ഇസ്രയേൽ ന്യായീകരിക്കുന്നു. ഗാസ മുനമ്പിലെ ആറിടങ്ങളെ ‘കലാപ ബാധിത’മായും ഇസ്രയേൽ പ്രഖ്യാപിച്ചു. ഇവിടങ്ങളിലാകെ 17,000ത്തോളം പലസ്തീൻ പ്രതിഷേധക്കാർ രംഗത്തുണ്ടെന്നും വ്യക്തമാക്കുന്നു.

മാർച്ച് 30 ‘ലാൻഡ് ഡേ’ ആയാണ് പലസ്തീൻകാർ ആചരിക്കുന്നത്. 1976ലെ ഇസ്രയേലിന്റെ സ്ഥലം കയ്യേറ്റത്തിനിടെ കൊല്ലപ്പെട്ട ആറു പേരുടെ ഓർമയിലാണ് എല്ലാവർഷവും ദിനാചരണം. 30 മുതൽ ആറാഴ്ചത്തേക്കു പ്രതിഷേധത്തിനായിരുന്നു തീരുമാനം. മേയ് 15ന് സമരം അവസാനിക്കും. വിശുദ്ധവാരത്തോടനുബന്ധിച്ചും അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണു മുതിർന്നവരും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ ഗാസ അതിർത്തിയിൽ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്നത്.

അതിർത്തിയിലെ സുരക്ഷാവേലിക്കു സമീപമാണ് അഞ്ച് ക്യാംപുകൾ നിർമിച്ചുള്ള പ്രതിഷേധമെന്നതും ഇസ്രയേലിനെ അസ്വസ്ഥരാക്കുന്നു. അതിർത്തിയോടു ചേർന്നു പ്രതിഷേധം നടത്തരുതെന്ന് പലസ്തീൻ സമരനേതാക്കൾ മുന്നറിയിപ്പു നൽകുന്നുണ്ട്. എന്നാൽ ഒട്ടേറെ പേർ ഇതു ലംഘിച്ച് മുന്നോട്ടു പോയതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. അതിർത്തിയിൽ ഷാർപ് ഷൂട്ടർമാരെ ഉൾപ്പെടെയാണ് ഇസ്രയേൽ നിയോഗിച്ചിരിക്കുന്നത്. 

പലസ്തീൻ സംഘടനയായ ഹമാസും ഇസ്രയേൽ വെടിവയ്പിനെതിരെ രംഗത്തെത്തി. ജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാൻ സാധാരണക്കാരെ കൊലപ്പെടുത്തി ഭയപ്പെടുത്താനാണ് ഇസ്രയേലിന്റെ ശ്രമമെന്നു ഹമാസ് ആരോപിച്ചു. പ്രതിഷേധങ്ങൾക്കിടെ ഹമാസ് തലവൻ യഹ്‌യ സിൻവർ പൊതുജനമധ്യത്തിലെത്തിയതായി ‘ജറുസലം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. അപൂര്‍വമായി മാത്രമേ യഹ്‌യ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അതേസമയം, മേഖലയിലെ അക്രമങ്ങൾക്കെല്ലാം പിന്നിൽ ഹമാസാണെന്നാണ് ഇസ്രയേലിന്റെ ആരോപണം.