ന്യൂമോണിയ ഭേദമാക്കാൻ ആസിഡ്; അന്ധവിശ്വാസ ‘ചികിത്സ’യ്ക്കിരയായത് നവജാതശിശു

Representational image

രാജസ്ഥാൻ∙ രോഗം ഭേദമാക്കാൻ അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് വീണ്ടും വടക്കേ ഇന്ത്യ. ഒരു മാസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ന്യൂമോണിയ രോഗം ഭേദമാകാൻ ആസിഡ് ഒഴിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത രാജസ്ഥാനിൽനിന്നാണ് പുറത്തുവരുന്നത്. പൊള്ളിക്കരിഞ്ഞ ചങ്കുമായി പ്രിയാൻഷുവെന്ന കുരുന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ സവായ് മധോപുർ ജില്ലയിലാണ് സംഭവം. രോഗം ഭേദമാക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെടുന്ന സ്ത്രീയെ കുട്ടിയുടെ ദേഹത്ത് ആസിഡ് പ്രയോഗം നടത്തിയതിനു കോട്‌വാലി പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂമോണിയ ബാധിച്ച കുഞ്ഞിനെ മാർച്ച് 26നാണ് സ്ത്രീയുടെ അടുത്തു ചികിത്സയ്ക്കായി ബന്ധുക്കൾ എത്തിച്ചത്. ഇവർ രാസപദാർഥങ്ങൾ കുഞ്ഞിന്റെ ദേഹത്ത് ഒഴിച്ചു. ഇതേത്തുടർന്ന് ചങ്കിലെയും കാലിലെയും തൊലി പൊള്ളിക്കരിഞ്ഞതായി പൊലീസ് അറിയിച്ചു. പിന്നീട് കുഞ്ഞിന്റെ അവസ്ഥ മോശമാകാൻ തുടങ്ങിയപ്പോഴാണ് ബന്ധുക്കൾ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചത്. പൊള്ളിയ ശരീരം കണ്ട ഡോക്ടർമാർ ഉടൻതന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.

ജില്ലാ കലക്ടർ കെ.സി. വർമ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. സ്ത്രീക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ഇത്തരം തട്ടിപ്പുകളിൽ ചെന്നു പെടരുതെന്നും കലക്ടർ ഗ്രാമീണരോട് ആവശ്യപ്പെട്ടു. ഈ സ്ത്രീക്കു കുട്ടികളുടെ രോഗം മാറ്റാൻ ശേഷിയുണ്ടെന്ന വിശ്വാസത്തിൽ വിനോബ ബസ്തിയിലെ വീട്ടിലേക്കു പലരും കുട്ടികളുമായി എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു.