വംശീയ വിവേചന ആരോപണം വേദനാജനകം: മറുപടിയുമായി ‘സുഡാനി’യുടെ നിര്‍മാതാക്കൾ

ചിത്രത്തിലെ പ്രധാന താരങ്ങളായ ആഫ്രിക്കന്‍ നടൻ സാമുവൽ അബിയോള, സൗബിൻ ഷാഹിർ എന്നിവർ

കൊച്ചി∙ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെച്ചൊല്ലി ആഫ്രിക്കൻ നടൻ സാമുവൽ അബിയോള റോബിൻസൺ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി ചിത്രത്തിന്റെ നിർമാതാക്കളായ ഹാപ്പി അവേഴ്സ് എന്റർടെയിൻമെന്റ്. വംശീയ വിവേചനം കാരണമാണു സാമുവലിനു കുറഞ്ഞ വേതനം നൽകിയതെന്ന വാദം വേദനാജനകമാണെന്നു ഹാപ്പി അവേഴ്സിന്റെ പ്രതിനിധികളായ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ പ്രതികരിച്ചു. തുകയിൽ അതൃപ്തിയുണ്ടായിരുന്നെങ്കിൽ‌ സാമുവൽ അബിയോള ചിത്രത്തിൽ കരാർ ഒപ്പിടേണ്ടിയിരുന്നില്ല. സമ്മർദ്ദമൊന്നുമില്ലാതെയാണ് അദ്ദേഹം കരാർ ഒപ്പിട്ടത്.

ചില സ്രോതസുകളില്‍ നിന്നു ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനപ്പിഴകളായിരിക്കാം ഇതിനു പിന്നില്‍. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിനു തെറ്റിദ്ധാരണകൾ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാനും സാധിക്കുമെന്ന് ഇപ്പോഴും ഞങ്ങൾ പ്രത്യാശിക്കുന്നു. 

അ൪ഹിക്കുന്ന പ്രതിഫലം നൽകിയില്ല എന്ന ആരോപണം കരാറിനോടുള്ള അനീതിയായാണ് കണക്കാക്കുന്നത്. സിനിമ നിലവിൽ വിജയകരമായി മുന്നേറുകയാണ്. പക്ഷെ, സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കൽ എത്തുകയില്ല എന്നതാണ് യാഥാ൪ഥ്യം. അതു ഞങ്ങളുടെ പക്കൽ എത്തി കണക്കുകൾ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. അദ്ദേഹത്തിനുള്ള ഒരു സമ്മാനത്തുക നൽകണമെന്ന ആഗ്രഹം തങ്ങൾക്കുണ്ടായിരുന്നുവെന്നും ഹാപ്പി അവേഴ്സ് എന്റർടെയിൻമെന്റ് പ്രതികരിച്ചു.

കറുത്ത വര്‍ഗക്കാരനായതിനാല്‍ തനിക്കു സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണു നിര്‍മാതാക്കള്‍ തന്നതെന്നു സാമുവല്‍ സമൂഹമാധ്യമത്തിൽ ആരോപിച്ചിരുന്നു. കേരളത്തിൽ താൻ വംശീയ വിവേചനത്തിന്റെ ഇരയായെന്നും സാമുവല്‍ തുറന്നടിച്ചു.