ചേട്ടൻ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പർ അനിയത്തിക്ക്; കോട്ടയത്തും സിബിഎസ്ഇ വിവാദം

അമിയ

കോട്ടയം∙ സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കോട്ടയത്തു നിന്നും പരാതി. പത്താംക്ലാസ് കണക്കുപരീക്ഷ എഴുതിയ വിദ്യാര്‍ഥിനിക്ക് 2016ലെ ചോദ്യപ്പേപ്പര്‍ നല്‍കിയെന്നാണു പരാതിയുയർന്നത്. പരീക്ഷയ്ക്കു ശേഷം മറ്റുകുട്ടികളുമായി ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണു മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ അമീയ സലിം ചോദ്യപേപ്പർ മാറിയെന്നു തിരിച്ചറിഞ്ഞത്.

വടവാതൂര്‍ നവോദയ സെന്ററിലാണ് അമീയ പരീക്ഷ എഴുതിയത്. ഇക്കാര്യം പിന്നീട് സ്കൂൾ അധികൃതരെ അറിയിച്ചു. സ്കൂൾ മാനേജ്മെന്റ് സിബിഎസ്ഇയുടെ തിരുവനന്തപുരം മേഖലാകേന്ദ്രത്തില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ലെന്നാണു വിവരം. 2016 ല്‍ അമീയയുടെ സഹോദരന്‍ അല്‍ത്താഫ് സലിം എഴുതിയ പരീക്ഷയുടെ അതേ ചോദ്യപേപ്പറാണ് ഈ വര്‍ഷം അമീയയ്ക്കു ലഭിച്ചത്.