വംശീയ വിവേചനത്തിന്റെ ഇര; അർഹിച്ച പണം നല്കിയില്ല: വെളിപ്പെടുത്തലുമായി 'സുഡാനി'

കൊച്ചി∙ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ നായകതുല്യ കഥാപാത്രം ചെയ്ത ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്. സാമുവലിന്റെ ആരോപണം ഇങ്ങനെ.

ചിത്രത്തിന്‍റെ വിജയാഘോഷങ്ങളിലടക്കം പങ്കെടുത്തശേഷം നാട്ടിൽ തിരികെയെത്തിയതിനു ശേഷമാണ് സാമുവല്‍ ആരോപണങ്ങളുമായി രംഗത്തു വന്നത്. കറുത്ത വര്‍ഗക്കാരനായതിനാല്‍ തനിക്കു സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണു നിര്‍മാതാക്കള്‍ തന്നതെന്നു സാമുവല്‍ തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ ആരോപിക്കുന്നു. കേരളത്തിൽ താൻ വംശീയ വിവേചനത്തിന്റെ ഇരയായെന്നും സാമുവല്‍ തുറന്നടിച്ചു. അടുത്ത തലമുറയിലെ കറുത്ത വര്‍ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാനാണ് തന്റെ ഈ തുറന്നു പറച്ചിലെന്നും സാമുവല്‍ കുറിച്ചു. ചിത്രത്തിന്റെ സംവിധായകൻ സക്കറിയ വളരെ കഴിവുറ്റ സംവിധായകനാണെന്നും തന്നെ പരമാവധി സഹായിക്കാൻ ശ്രമിച്ചെന്നും സാമുവൽ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു.