Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വിജയം അഭിമാനവും ആവേശവുമെന്ന് പിണറായി; ഏപ്രിൽ ആറിന് വിജയദിനം

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ സന്തോഷ് ട്രോഫി നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനാലു വര്‍ഷത്തിനു ശേഷം കേരളത്തിനായി കിരീടമുയർത്തിയത് ആവേശവും അഭിമാനവും നല്‍കുന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കായിക മന്ത്രി എ.സി.മൊയ്തീനും ടീമിനെ അഭിനന്ദിച്ചു. ടീം അംഗങ്ങളേയും പരിശീലകരേയും ഫോണിൽ വിളിച്ചാണു മന്ത്രി അഭിനന്ദനം അറിയിച്ചത്. 

ഗ്രൂപ്പ് മത്സരങ്ങളിലടക്കം തോല്‍ക്കാതെ കേരളം ചാമ്പ്യൻമാരായത് ഏറെ അഭിമാനകരമാണ്. 14 വർഷത്തിനു ശേഷം ആറാമത്തെ തവണ നേടിയ ഈ കീരിട നേട്ടം കായിക കേരളത്തിന് ആവേശകരമാണ്. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന ജനതയാണു മലയാളികൾ. ഈ വിജയം കേരളത്തിനു സന്തോഷം പകരുന്നതാണ്. ഈ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച കളിക്കാരെയും പരിശീലകരെയും മാനേജരെയും അഭിനന്ദിക്കുന്നു– എ.സി.മൊയ്തീൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം-

പതിനാലു വർഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങൾക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ. ആവേശകരമായ മത്സരത്തിലൂടെ പെനൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിനെ തോല്‍പിച്ചു നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്.

കേരള ടീമിനെ ഗവർണർ അനുമോദിച്ചു

സന്തോഷ് ട്രോഫി നേടിയ കേരള ടീമിനെ ഗവർണർ പി.സദാശിവം അനുമോദിച്ചു. പതിനാലു വർഷത്തിനു ശേഷം കൈവരിച്ച ഈ വിജയത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ രംഗത്ത് കേരളത്തിന്റെ ആധിപത്യം  പുനഃസ്ഥാപിക്കാനായെന്നും ഗവർണർ പറഞ്ഞു.

ഏപ്രിൽ ആറിന് വിജയദിനം

കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രിൽ ആറിന് വിജയദിനമായി ആഘോഷിക്കും. അന്നു സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ കേരളാ ടീമിന് സ്വീകരണം നൽകും. വൈകുന്നേരം നാലിനു സെൻട്രൽ സ്റ്റേഡിയത്തിലാണു സ്വീകരണം. ക്യാപ്റ്റൻ രാഹുൽ വി.രാജിനെയും കോച്ച് സതീവൻ ബാലനെയും ഫോണിൽ വിളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

related stories